പോത്തന്‍കോട്: കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സമരങ്ങളില്‍ പങ്കെടുത്ത അഭിജിത്തും സംസ്ഥാന സെക്രട്ടറി ബാഹുല്‍കൃഷ്ണയും കോവിഡ് പരിശോധന നടത്തിയപ്പോഴാണ് അഭിജിത്തിന് രോഗം സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് പരിശോധനയ്ക്ക് അഭിജിത്ത് വ്യാജവിലാസമാണ് നല്‍കിയതെന്നു കാണിച്ച് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ പരാതി നല്കി. കെ എം അബിയെന്ന പേരിലാണ് പരിശോധന നടത്തിയതെന്നും വിലാസം മറ്റൊന്നായിരുന്നെന്നും പറയുന്നു.
അഭിജിത്തും ബാഹുല്‍കൃഷ്ണയും പോത്തന്‍കോട് പഞ്ചായത്തിലെ തച്ചപ്പള്ളി എല്‍.പി.സ്കൂളില്‍ നടത്തിയ കോവിഡ് പരിശോധനയ്ക്കാണ് എത്തിയത്. ബാഹുല്‍കൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് ഇരുവരും പരിശോധനയ്ക്ക് നല്‍കിയത്. സ്കൂളില്‍ 48 പേരെ പരിശോധിച്ചപ്പോള്‍ 19 പേര്‍ക്ക് ഫലം പോസിറ്റീവായി. ഇതില്‍ പ്ലാമൂട് വാര്‍ഡിലെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ രണ്ടുപേരെ കണ്ടെത്താനേ കഴിഞ്ഞുള്ളൂ. മൂന്നാമത്തെ, പ്ലാമൂട് തിരുവോണം എന്ന വിലാസക്കാരനെ അന്വേഷിച്ചപ്പോള്‍ ഈ വിലാസത്തില്‍ ഇങ്ങനെയൊരാളില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ഇയാള്‍ എവിടെയാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനിടെ പരിശോധനയ്ക്കെത്തിയ വ്യക്തി വ്യാജപേരും മേല്‍വിലാസവുമാണ് നല്‍കിയതെന്നും ഇയാളെ കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലന്‍ നായര്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്കി. ഇതിനിടെയാണ് രാത്രി വൈകി ആ വ്യക്തി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്.
താന്‍ പരിശോധന നടത്തി എന്നും കോവിഡ് പോസിറ്റീവാണെന്നും അഭിജിത്തും സമ്മതിച്ചു.
കൊവിഡ് പോസിറ്റീവായതിനാല്‍ കഴിഞ്ഞ ആറ് ദിവസമായി സെല്‍ഫ് ക്വോറന്റയിനിലാണിരിക്കുന്നതെന്നും സഹപ്രവര്ത്തകന് ബാഹുല്‍ കൃഷ്ണയാണ് പരിശോധനക്ക് പേര് നല്‍കിയതെന്നും അഭിജിത്ത് ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു.
സഹപ്രവര്‍ത്തകനും പേര് തെറ്റിച്ച് നല്‍കിയിട്ടില്ലെന്നും ക്ലറിക്കല്‍ തെറ്റായിരിക്കാമെന്നാണ് ബാഹുല്‍ പറഞ്ഞതെന്നും അഭിജിത്ത് വിശദീകരിച്ചു. കെ എസ് യു സംസ്ഥാന പ്രസിഡന്റിന്റെ പേര് തെറ്റായി നല്‍കേണ്ട കാര്യം എന്താണ്? അങ്ങനെ എങ്കില്‍ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകള്‍ നല്കിയാല് മതിയായിരുന്നില്ലേ? അതും പോരാഞ്ഞിട്ട് അവിടെ വെച്ച് പ്രസിഡന്റിനെ തിരിച്ചറിഞ്ഞ ചിലര്‍ സംസാരിച്ചില്ലേ..? പിന്നെ എങ്ങനെയാണ് പേര് മാറ്റി നല്‍കുന്നതെന്നും അഭിജിത്ത് ചോദിച്ചു. ബാഹുലിന്റേയും ഞാന്‍ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നല്‍കിയത്.
പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണും. ഈ സര്‍ക്കാരിലെ ചില വകുപ്പുകള്‍ക്കും കാണും. ഇല്ലാകഥകള്‍ കൊട്ടി ആഘോഷിക്കാന്‍ ചില മാധ്യമങ്ങള്‍ക്കും ഉത്സാഹം ഉണ്ടാകും. അപ്പോഴും ഓര്‍ക്കേണ്ടത് ഞാന്‍ കോവിഡ് രോഗം പിടിപെട്ട് ചികിത്സയില്‍ ആണ് എന്നത് മാത്രമാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. മാനസികമായി കൂടി തകര്‍ക്കരുതെന്നും അഭിജിത്ത് പറഞ്ഞു.
സെക്രട്ടേറിയറ്റിനു മുന്നിലെ നിരവധി സമരങ്ങളില്‍ അഭിജിത്ത് പങ്കെടുത്തതായി സൂചനയുണ്ട്.
24 1 minute read