KERALALATEST

അരിവാള്‍ ചുറ്റിക നക്ഷത്രം എന്നാല്‍ തിരുകുടുംബം… കെഎസ്‌യു നേതാവ് ‘പോസ്റ്റില്‍’ കുടുങ്ങി

കോട്ടയം: ‘അരിവാള്‍ കന്യാമറിയം പുല്ല് വെട്ടാന്‍ ഉപയോഗിച്ചിരുന്ന ആയുധം
ചുറ്റിക ഔസേപ്പ് പിതാവിന്റെ പണി ആയുധം
നക്ഷത്രം ഉണ്ണി യേശുവിന്റെ പുല്‍ക്കൂട്ടിലെയ്ക്ക് ജ്ഞാനികള്‍ക്ക് ലഭിച്ച വഴി കാട്ടി; അതായത്,
അരിവാള്‍ ചുറ്റിക നക്ഷത്രം എന്നാല്‍ തിരുകുടുംബം’
കെ.എം. മാണി (1982)

കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ് ജോര്‍ജ് പയസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. കേരള കോണ്‍ഗ്രസ് സിപിഎം സഖ്യത്തിനെതിരെ ജോര്‍ജ് പയസ് ഇട്ട പോസ്റ്റാണെങ്കിലും ഇതു ചെന്നു കൊണ്ടത് കത്തോലിക്കാ വിശ്വാസികള്‍ക്കാണ്. കത്തോലിക്കാ വിശ്വാസികളും കേരള കോണ്‍ഗ്രസുകാരും ഒന്നിച്ചു ഫേസ്ബുക്കില്‍ ജോര്‍ജ് പയസിനെതിരെ സൈബര്‍ ആക്രമണവും ആരംഭിച്ചു.
വ്യാഴാഴ്ച ഉച്ചയോടെ ജോര്‍ജ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് വൈറലായി മാറിയത്. വലിയ ആക്രമണമാണ് ഇപ്പോള്‍ ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇതിനിടെ ഇന്നലെ രാത്രി തന്നെ ജോര്‍ജ് തന്റെ പോസ്റ്റ് വിശദീകരിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍, ഇത് കൊണ്ടൊന്നും കേരള കോണ്‍ഗ്രസ്‌കത്തോലിക്കാ സഖ്യ ആക്രമണത്തെ തണുപ്പിക്കാന്‍ സാധിച്ചില്ല.
രാത്രി ജോര്‍ജ് പയസ് വിശദീകരിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നിഷ ജോസ് മാണിയുടെ നിര്‍ദേശമനുസരിച്ചാണ് അനുയായികള്‍ തനിക്കെതിരെ ആക്രമണം നടത്തുന്നതെന്ന് ജോര്‍ജ് പയസ് ആരോപിച്ചു. ഉദ്ദേശം നാല് പതിറ്റാണ്ടുമുമ്പ് കെഎം മാണി രാമപുരത്ത് നടത്തിയ ഒരു പ്രസംഗത്തിലെ വരികള്‍ ഉദ്ധരിച്ചാണ് താന്‍ കഴിഞ്ഞ ദിവസം എഫ്ബി പോസ്റ്റിട്ടതെന്നാണ് ജോര്‍ജ് പയസ് നല്‍കുന്ന വിശദീകരണം. പോസ്റ്റ് മൊത്തം വായിക്കാനുള്ള വിവരംപോലും ഇല്ലാത്ത അണികള്‍ കരിംകോഴയ്ക്കല്‍ നിന്നു കൊടുത്ത ക്യാപ്‌സ്യൂളുകള്‍ വാരി വിതറുന്നുണ്ടെന്നും ജോര്‍ജ് പയസ് വിശദീകരണ പോസ്റ്റില്‍ പറയുന്നു. സൈബര്‍ ആക്രമണം നടത്തുന്നവരെ ‘വെട്ടുക്കിളിക്കൂട്ടം’ എന്നാണ് ജോര്‍ജ് പയസ് പരാമര്‍ശിച്ചിരിക്കുന്നത്.
ഓരോ കമന്റിനും മറുപടി പറയാന്‍ തനിക്ക് അറിയാന്‍ വയ്യാഞ്ഞിട്ടല്ലെന്നും അതിന് സൗകര്യമില്ല എന്നും ജോര്‍ജ് പയസ് പോസ്റ്റില്‍ വ്യക്തമാക്കുന്നു.ഇതിനിടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ ജോര്‍ജ് പയസിനെ വിളിച്ച് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജോര്‍ജ് ഇതിനു തയ്യാറായില്ല. പോസ്റ്റ് ഇപ്പോഴും ഫേസ്ബുക്കില്‍ ലഭ്യമാണ്. ഇത് കോണ്‍ഗ്രസിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കെ.എം മാണി 1982 ല്‍ നടത്തിയ പ്രസംഗം എന്ന പേരിലാണ് ജോര്‍ജ് പയസ് വിവാദം വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയ വഴി ഉയരുന്നത്.

Related Articles

Back to top button