സ്വര്‍ണക്കടത്ത് കേസ്; മന്ത്രി ജലീലിനേയും, ബിനീഷ് കോടിയേരിയേയും വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസില്‍ കെടി ജലീലിനെയും ബിനീഷ് കോടിയേരിയെയും ചോദ്യം ചെയ്തതോടെ കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കടന്നു. ഇരുവരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടിയട്ടുള്ളത്. മന്ത്രി ജലീലിനേയും, ബിനീഷിനേയും വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം വിളിപ്പിക്കും.

മത ഗ്രന്ഥങ്ങള്‍ എടപ്പാളിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ സി-ഡാക്കിന്റെ വാഹനത്തിലെ ജിപിഎസ് അപ്രത്യക്ഷമായതില്‍ ദുരൂഹത നിലനില്‍ക്കുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നു. ഇക്കാര്യത്തില്‍ മന്ത്രിക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ വ്യക്തത വരുത്തിയ ശേഷമാവും ജലീലിനെ വീണ്ടും ചോദ്യം ചെയ്യുക.

ഇന്നലെ രാവിലെ കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റഅ മന്ത്രിയെ ചോദ്യം ചെയ്തത്. രാവിലെ ഒന്‍പത് മണിമുതല്‍ 11 മണിവരെയായിരുന്നു ചോദ്യം ചെയ്യല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ തന്നെ മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് തീരുമാനിച്ചിരുന്നു.