മന്ത്രി കെ ടി ജലീലിനെ വിളിപ്പിച്ചത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ അറിയുന്ന വ്യക്തിയെന്ന നിലയിലെന്ന് എന്‍ഐഎ. സ്വപ്നയുമായും മറ്റ് പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ച് ആരാഞ്ഞു. നിലവില്‍ പ്രതി ചേര്‍ക്കുകയോ സാക്ഷിയാക്കുകയോ ചെയ്തിട്ടില്ല. മന്ത്രിയുടെ മൊഴിയും പ്രതികളുടെ മൊഴികളും പരിശോധിക്കുമെന്നാണ് വിവരം.
അതേസമയം, നയതന്ത്ര ചാനല്‍ വഴി പാഴ്സല്‍ കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈന്തപ്പഴം, മതഗ്രന്ഥം എന്നിവ കൊണ്ടുവന്നതിലാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കള്‍ പുറത്ത് വിതരണം ചെയ്തുവെന്നതിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. എന്‍ഐഎയ്ക്ക് നല്കിയ വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക.
നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കോണ്‍സുലേറ്റ് ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കില്‍ രാജ്യത്തിന്റെ അനുമതി വേണം. ഇതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് കേസെടുത്തത്. യുഎഇ കോണ്‍സുലേറ്റിനെ എതിര്‍കക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം.