ഡല്‍ഹി: ഇന്ത്യന്‍ സൈക്കിള്‍ വിപണി കീഴടക്കാന്‍ ഓസ്ട്രിയന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ കെടിഎം സൈക്കിള്‍സ് എത്തുന്നു. സൈക്കിള്‍ വിതരണക്കാരായ ആല്ഫവെക്ടറിനാണ് കെടിഎം സൈക്കിള്‍സിന്റെ ഇന്ത്യയിലെ എക്സ്ക്ലൂസീവ് വിപണന ചുമതല. 30,000 മുതല്‍ 10 ലക്ഷം വരെ വിലവരുന്ന കെടിഎം സൈക്കിളുകളാണ് ആല്‍ഫവെക്ടര്‍ വില്‍ക്കുക. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ആല്‍ഫവെക്ടര്‍ അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ ഇസൈക്കിള് വിപണിയിലെത്തിച്ചിരുന്നു.
മെറാക്കി സൈക്കിള്‍ എന്നപേരില്‍ പുറത്തിറക്കിയ ഇസൈക്കിളിന് 29,999 രൂപയാണ് വില. ലൈസന്‍സ് ആവശ്യമില്ല എന്നതാണ് ഈ ഇസൈക്കിളിന്റെ പ്രത്യേകത. അതേസമയം മെറാക്കി പിന്നാലെ കെടിഎം ശ്രേണി കൂടി എത്തുന്നതോടെ സൈക്കിളുകള്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കുമെന്നാണ് ആല്ഫവെക്ടറിന്റെ കണക്കുകൂട്ടല്‍. സജീവമായ ജീവിതശൈലി പിന്തുടരാനും സൈക്കിള്‍ സവാരി ശീലമാക്കാനും ഇന്ത്യക്കാരെ ബോധവര്‍ക്കരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ആല്ഫവെക്ടറിന്റെ സഹസ്ഥാപകനും സിഇഒയുമായ സച്ചിന് ചോപ്ര പറഞ്ഞു.
മെട്രോ നഗരങ്ങളിലും മറ്റും കൂടുതല്‍ കൂടുതല്‍ ആളുകള്‍ സൈക്കിള്‍ സവാരിയെ ജീവിതശൈലിയായി സ്വീകരിക്കുന്നതിനാല്‍ പ്രീമിയം മോഡലുകള്‍ക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. കൊറോണ വൈറസിനെ തുടര്‍ന്ന് ഇന്ത്യയില്‍ സൈക്കിള്‍ രംഗത്ത് അടിസ്ഥാനപരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. അതിവേഗമുള്ള പരിവര്‍ത്തനത്തിനാണ് സൈക്കിള്‍ വിപണന മേഖല ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
56 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തിന്റെ പിന്‍ബലത്തോടെയാണ് ഇന്ത്യയില്‍ പ്രവേശിക്കുന്നതെന്ന് കെടിഎം ബൈക്ക് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ ജൊഹാന ഉര്‍കഫ് പറഞ്ഞു. നിരന്തര ഗവേഷണളും ഉന്നത ഗുണമേന്മയുള്ള സൈക്കിളുകളുമാണ് കെടിഎമ്മിന്റെ മുഖമുദ്ര. മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പ്രീമിയം സൈക്കിളുകളുടെ 75 ശതമാനം വില്പനയും നടക്കുന്നത്.