തിരുവനന്തപുരം: നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ചരിത്രമുള്ള കുടുംബശ്രീ ബാങ്കിങ് രംഗത്തേക്ക് കടക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനത്തിന് കുടുംബശ്രീ മിഷന് ഏജന്‍സിയെ നിയോഗിക്കും. ഇതിനായി ആഗോള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി എന്നാണ് വിവരം. ഏജന്‍സിയെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വ്യവസ്ഥ. ആ റിപ്പോര്‍ട്ട് അനുസരിച്ചാകും ബാങ്ക് രൂപീകരിക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കുക.
കുടുംബശ്രീ മിഷന് 43 ലക്ഷം അംഗങ്ങളാണ് ഉള്ളത്. 2.91 ലക്ഷം കുടുംബശ്രീ യൂണിറ്റുകളാണ് ഉള്ളത്. ഗ്രാമപ്രദേശങ്ങളില്‍ ശക്തമായ സാന്നിധ്യമാണ് കുടുംബശ്രീക്കുള്ളത്. ഏകദേശം 2.29 ലക്ഷം കുടുംബശ്രീ യൂണിറ്റുകളാണ് ഗ്രാമീണ മേഖലയിലുള്ളത്. ഇപ്പോള്‍ തന്നെ കോടികളുടെ നിക്ഷേപവും വായ്പയും കുടുംബശ്രീ യൂണിറ്റുകളുടെ ഭാഗമായി വിവിധ ബാങ്കുകളിലുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ബാങ്കിങ് രംഗത്തേക്ക് കടക്കാനുള്ള ആലോചനയ്ക്ക് പിന്നിലെന്ന് കുടുംബശ്രീ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ പറഞ്ഞു.
വിവിധ ബാങ്കുകളിലായാണ് കുടുംബശ്രീയുടെ നിക്ഷേപങ്ങളും വായ്പകളും ഉള്ളത്. മൈക്രോഫിനാന്‍സ് പദ്ധതിയുടെ ഭാഗമായി നിലവില്‍ 4132 കോടി രൂപയുടെ വായ്പയാണ് നിലവിലുള്ളത്. ഇതുവരെ 20,3412 കോടിയാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്കായി നല്‍കിയിട്ടുള്ള വായ്പയുടെ ആകെ മൂല്യം. മാത്രമല്ല ലഘു സമ്പാദ്യങ്ങളായി വിവിധ ബാങ്കുകളിലായി ഏകദേശം 5061.83 കോടിയോളം നിക്ഷേപവും ഉണ്ട്. ഈയൊരു സാഹചര്യത്തിലാണ് ബാങ്ക് എന്ന ആശയം കുടുംബശ്രീയുടെ ചിന്തയില്‍ വന്നത്. കുടുംബശ്രീയുടെ ഗവേണിങ് ബോഡി യോഗത്തില്‍ ഇക്കാര്യത്തില്‍ അംഗീകാരവും നല്‍കിയിട്ടുണ്ട്.
ഇതേതുടര്‍ന്നാണ് വിഷയത്തില്‍ സാധ്യതാ പഠനം നടത്താനുള്ള നടപടികള്‍ തുടങ്ങിയത്. വിവിധ ബാങ്കുകളിലായി വലിയൊരു തുക നിക്ഷേപമായി ഉള്ളതിനാല്‍ റിസര്‍വ് ബാങ്കിന്റെ സ്മോള്‍ ഫിനാന്‍സ് ബാങ്കിങ് ലൈസന്‍സ് കുടുംബശ്രീക്ക് നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 200 കോടിയുടെ മൂലധനമുണ്ടെങ്കില്‍ ഇത്തരം ബാങ്കിങ് ലൈന്‍സന്‍സിന് അപേക്ഷിക്കാനാകും.
ബാങ്ക് യാഥാര്‍ഥ്യമായാല്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാകും. മാത്രമല്ല അയല്‍കൂട്ടങ്ങളുടെ സമ്പാദ്യ പദ്ധതികളും വായ്പയുമെല്ലാം ഒരു കുടക്കീഴില് വരും. ഇതിലൂടെ കൃഷി, സ്വയംതൊഴില്‍ വായ്പകള്‍ അംഗങ്ങള്‍ക്ക് പെട്ടെന്ന് ലഭ്യമാകാന്‍ ഇടയാകും. ഏത് തരം ബാങ്കിങ് രീതിയിയാണ് സ്വീകരിക്കേണ്ടതെന്നത് സംബന്ധിച്ച് സാധ്യതാ പഠന റിപ്പോര്‍ട്ട് വന്നതിന് ശേഷമാകും തീരുമാനിക്കുക.