ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. മലങ്കര സഭയിലെ പള്ളികളില്‍ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയിരിക്കുന്നത് സഭാ വിശ്വാസികളായ രണ്ട് പേര് തന്നെയാണ്.
സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ കുമ്പസാര രഹസ്യം ഉപയോഗിക്കപെടുന്നുണ്ടെന്നും പണം തട്ടിയെടുക്കാന്‍ കുമ്പസാര രഹസ്യം മറയാക്കുന്നുണ്ടെന്നുമാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. സ്വകാര്യത എന്ന മൗലികാവകാശം കുമ്പസാരം ഹനിക്കുകയാണെന്നും അതിനാല്‍ കുമ്പസാരം നിരോധിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.കത്തോലിക്കാ സഭ ഒരു കൂദാശയായി കണക്കാക്കുന്ന കുമ്പസാരം എന്ന ശുശ്രൂഷയില്‍ വിശ്വാസികള്‍ തങ്ങള്‍ ചെയ്ത ‘പാപങ്ങള്‍’ പുരോഹിതനോട് ഏറ്റുപറയുകയാണ് ചെയ്യുന്നത്. വിവിധ ക്രൈസ്തവസഭാവിഭാഗങ്ങളില് കുമ്പസാരം നിലവിലുണ്ട്. കത്തോലിക്കാ സഭയിലും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളിലും പുരോഹിതനോട് രഹസ്യമായി പാപങ്ങള്‍ ഏറ്റുപറയുന്ന രീതിയാണുള്ളത്. ഇവ രഹസ്യമായി സൂക്ഷിക്കണമെന്നാണ് സഭയുടെ നിയമം.എന്നാല്‍ പല പുരോഹിതരും ഈ രീതിയെ ദുരുപയോഗം ചെയ്യുന്ന സാഹചര്യവും ഉയരുന്നുണ്ട്.
കുമ്പസാര രഹസ്യം മറയാക്കി ഒരു യുവതിയെ ലൈംഗികമായ പീഡിപ്പിച്ചെന്ന കേസില്‍ കൊല്ലത്ത് ഓര്‍ത്തഡോക്സ് വൈദികര്‍ അന്വേഷണം നേരിടുന്നതിനിടെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി. ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് യുവതിയെ പതിനാറാം വയസു മുതല്‍ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് കേസ്. കുമ്പസാരത്തിലൂടെ പങ്കുവെച്ച ഈ കാര്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി മറ്റു വൈദികന് പീഡനം തുടരുകയായിരുന്നുവെന്നുമാണ് ആരോപണം.
നിര്‍ബന്ധിത കുമ്പസാരം സ്വകര്യതയുടെ ലംഘനമാണെന്നും അത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് 2018ല്‍ സമര്‍പ്പിക്കപ്പെട്ട ഒരു ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ആരെയും കുമ്പസാരിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലെന്നും കുമ്പസാരിക്കണോ വേണ്ടയോ എന്നത് വ്യക്തിയുടെ അവകാശമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.