തിരുവനന്തപുരം: ബിജെപി മുന്‍ കേരള അധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കി. കിട്ടാനുള്ള മുഴുവന്‍ പണവും കിട്ടയിതടെ പരാതിക്കാരനായ ഹരികൃഷ്ണന് പൊലീസിന് നല്കിയ പരാതി പിന്‍വലിച്ചു. പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പണം കൊടുത്ത് കേസ് തീര്‍പ്പാക്കിയത്.
കിട്ടാനുള്ള മുഴുവന്‍ പണവും ലഭിച്ചെന്നും എഫ്ഐആര്‍ റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചുവെന്നും പരാതിക്കാരനായ ഹരികൃഷ്ണന് പറഞ്ഞു. 24 ലക്ഷം രൂപയാണ് ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഹരികൃഷ്ണന് നല്‍കിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരന്റേയും ആരോപണ വിധേയരായവരുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി അന്വേഷണ സംഘം ബാങ്കുകള്‍ക്ക് കത്തയച്ചതിന് പിന്നാലെയാണ് കേസ് ഒത്തുതീര്‍പ്പായത്. പൊലീസിന് പരാതി ലഭിച്ചതിന് പിന്നാലെ തന്നെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
പരാതിക്കാരന് പൊലീസിന് നല്കിയ മൊഴി പ്രകാരം പാലക്കാട് സ്വദേശി വിജയന്റെ ഉടമസ്ഥതയിലുള്ള ന്യൂ ഭാരത് ബയോടെക്നോളജീസ് എന്ന കമ്പനിയില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത് കുമ്മനത്തിന്റെ മുന്‍ പിഎ ആയിരുന്ന പ്രവീണ്‍ വി.പിള്ളയാണ്. നിക്ഷേപം സംബന്ധിച്ച് ശബരിമലയില്‍ വച്ച് കുമ്മനം തന്നെ പരാതിക്കാരനുമായി നേരിട്ട് ചര്‍ച്ച നടത്തിയെന്നും മൊഴിയിലുണ്ട്. കമ്പനി ഉടയായ പാലക്കാട് സ്വദേശി വിജയന് പണം നിക്ഷേപിച്ചിട്ടും ഷെയര്‍ സര്‍ട്ടിഫിക്കേറ്റ് നല്കാന് തയ്യാറായില്ലെന്നും പരാതിക്കാരന് പറഞ്ഞിരുന്നു.
കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എസ്ബിഐ ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെ കമ്പനി ഉടമ വിജയന് പണം നല്‍കിയെന്നാണ് പരാതിക്കാരന് ഹരികൃഷണന്റെ മൊഴി. ഇതേ തുടര്‍ന്നാണ് ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ പൊലീസ് ശേഖരിച്ചത്. പരാതിക്കാരന്റെയും ആരോപണ വിധേയരായവരുടേയും ഫോണ്‍കോള്‍ വിവരങ്ങളും അന്വേഷണസംഘം തേടിയിരുന്നു. പരാതിക്കാരന് ഹരികൃഷ്ണന്റെ വീടിനു മുന്നില്‍ പൊലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. .
ആറന്മുള സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതതെങ്കിലും ഇന്‍സ്പെക്ടര്‍ ക്വാറന്റീനിലായതിനാല്‍ മലയാലപ്പുഴ ഇന്‍സ്പെക്ടര്‍ക്കായിരുന്നു അന്വേഷണ ചുമതല. സംഭവം വിവാദമായതിന് പിന്നാലെ ബിജെപി നേതാക്കള്‍ ഇടപെട്ട് പണമിടപാട് നടത്തി കേസ് തീര്‍ക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. പരാതിക്കാരന് പണം മുഴുവന്‍ തിരികെ നല്‍കാം എന്ന് വിജയനും അറിയിച്ചിരുന്നു.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണ സമിതി പ്രതിനിധിയായി കുമ്മനത്തെ നിയമിച്ചതിന് പിന്നാലെ ഉയര്‍ന്ന കേസില്‍ ബിജെപിക്കുള്ളിലും ചേരിതിരിഞ്ഞുള്ള ആരോപണങ്ങളുണ്ടായി. പരാതിക്കാരനുമായി അടുപ്പമുള്ള പത്തനംതിട്ട ജില്ലയിലെ ഒരു സിപിഎം നേതാവിനെതിരെയും ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.