BREAKING NEWSKERALALATEST

കുറ്റ്യാടിയില്‍ നല്ല കുട്ടിയായി കേരള കോണ്‍ഗ്രസ്; ‘സി.പി.എം അണികള്‍ പറയുന്നതു പോലെ ചെയ്യും’

കോഴിക്കോട്: സി.പി.എം അണികളുടെ പ്രതിഷേധങ്ങള്‍ക്കിടെ കുറ്റ്യാടി നിയമസഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി മുഹമ്മദ് ഇഖ്ബാല്‍ എത്തുമെന്ന് ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു കൊടുത്തിനെതിരെ കുറ്റ്യാടിയിലും പരിസരങ്ങളിലും സിപിഎം പ്രവര്‍ത്തകരുടെ ശക്തമായ പരസ്യ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇവരെ അനുനയിപ്പിക്കുവാനുള്ള നീക്കം സജീവമായി നടക്കുകയാണ്. പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി പാര്‍ട്ടി തീരുമാനം മാറ്റേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം നേതൃത്വം തീരുമാനമെടുത്തിരുന്നു. അങ്ങനെ തീരുമാനം മാറ്റിയാല്‍ തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും, അത് ഭാവിയില്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന ചിന്തയിലാണ് സി.പി.എം എത്തി ചേര്‍ന്നത്. അതിനാല്‍ മത്സരത്തിന് തയാറാകുവാന്‍ സി.പി.എം കേരള കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
എന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ പിന്തുണയില്ലാതെ പ്രചാരണം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്ന ആശങ്ക സ്ഥാനാര്‍ഥിയും ജോസ് കെ മാണിയും സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. സിപിഎം നേതൃത്വം പിന്തുണ ഉറപ്പ് നല്‍കിയതോടെയാണ് ജോസ് വിഭാഗം മത്സരിക്കാമെന്ന നിലപാടില്‍ എത്തിച്ചേര്‍ന്നത്.
കുറ്റ്യാടിയിലെ സിപിഎം പ്രവര്‍ത്തകരുടെ വികാരത്തെ മാനിക്കുന്നുവെന്നും സിപിഎം പ്രവര്‍ത്തകര്‍ ഹൃദയത്തിന്റെ ഭാഗമാണെന്നും എതിര്‍പ്പുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നും നിയുക്ത സ്ഥാനാഥി മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു. താന്‍ കഴിഞ്ഞ 10 വര്‍ഷമായി പേരാമ്പ്ര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പേരാമ്പ്രയില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അതുകൊണ്ട് തന്നെ കുറ്റ്യാടിയിലെ ജനങ്ങളുമായും സി.പി.എം പ്രവര്‍ത്തകരുമായും അടുത്ത ബന്ധമാണ് ഉള്ളതെന്നും മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു.
‘പ്രതിഷേധ പ്രകടനം ഉണ്ടായപ്പോള്‍ ബുദ്ധിമുട്ടുണ്ടായി. കുറ്റ്യാടി പോലുള്ള സ്ഥലത്ത് ഒരു പാട് കഷ്ടപ്പെട്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തിയത്. പെട്ടെന്ന് സീറ്റ് കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ട് നല്‍കുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമൂട്ടുണ്ടാകും. ആ വികാര പ്രകടനത്തിന്റെ ഭാഗമായിട്ടാണ് അവിടെ പ്രതിഷേധം ഉണ്ടായത്. വരും ദിവസങ്ങളില്‍ സി.പി.എം. പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് പ്രവര്‍ത്തനത്തിന് ഇറങ്ങും. അവര്‍ പറയുംപോലെ അവര്‍ക്കൊപ്പം സജീവമായി ഇറങ്ങും.’ മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.
പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന നിലപാടാണ് മണ്ഡലത്തിലെ സിപിഎം ഏരിയാ കമ്മിറ്റികളും സ്വീകരിച്ചത്. ഈ നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. പ്രതിഷേധത്തിന് പിന്നാലെ സി.പി.എം ഞായറാഴ്ച വിശദീകരണ യോഗവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇതുവഴി പ്രതിഷേധം തണുപ്പിക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായിട്ടും തീരുമാനം മാറ്റേണ്ടതില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ നിലപാട് പ്രവര്‍ത്തകരിലും അനുയായികളിലും അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ തവണ അവസാന ഘട്ടം വരെ പരിഗണനയിലുണ്ടായിരുന്ന കെ പി കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കാതിരിക്കാനാണ് സീറ്റ് ഘടക കക്ഷിക്ക് നല്‍കിയതെന്ന ആരോപണം തുടക്കം മുതലുണ്ടായിരുന്നു.
പരസ്യ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയ പ്രവര്‍ത്തകര്‍ക്ക് എതിരെ തല്‍ക്കാലം നടപടി ഉണ്ടാവില്ല. തെരഞ്ഞെടുപ്പിന് ശേഷമാകും അത്തരം അച്ചടക്ക ലംഘന നടപടി സി.പി.എം സ്വീകരിക്കുക. അതുവരെ ആരെയും പിണക്കാതെ മണ്ഡലം എന്തു വില കൊടുത്തും തിരിച്ച് പിടിക്കുവാനാണ് സി.പി.എം നീക്കം

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker