BREAKING NEWSWORLD

‘പ്രവാചക നിന്ദ’: കുവൈറ്റില്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നു

കുവൈറ്റ് സിറ്റി: ഫ്രാന്‍സിലെ കാര്‍ട്ടൂണ്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് കുവൈറ്റിലെ റീട്ടെയില്‍ സഹകരണ സംഘങ്ങള്‍. റീട്ടെയില്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കടകളില്‍ നിന്നാണ് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചത്.
വിവാദ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച അധ്യാപകനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ പ്രസ്താവവനയ്‌ക്കെതിരെ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചാണ് ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാന്‍ റീട്ടെയില്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി തീരുമാനിച്ചത്.
അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ സൗദി അറേബ്യയിലും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഫ്രഞ്ച് സൂപ്പര്‍മാര്‍ക്കറ്റ് റീട്ടെയിലര്‍ കാരെഫൂര്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് ഞായറാഴ്ച രാജ്യത്ത് ട്രെന്‍ഡിങ്ങില്‍ രണ്ടാമതായിരുന്നു.
കുവൈറ്റില്‍ കണ്‍സ്യൂമര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ കൂട്ടായ്മയില്‍ 70 സ്ഥാപനങ്ങളാണുള്ളത്. ഒക്ടോബര്‍ 23ന് യൂണിയന്‍ നല്‍കിയ സര്‍ക്കുലറിനെത്തുടര്‍ന്നാണ് കടകള്‍ പ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചത്. ഫ്രഞ്ച് കമ്പനികളുടെ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളടക്കം സൊസൈറ്റി നീക്കം ചെയ്തിട്ടുണ്ട്.
എല്ലാ ഫ്രഞ്ച് ഉല്‍പ്പന്നങ്ങളും സഹകരണ സംഘങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് യൂണിയന്‍ മേധാവി ഫഹദ് അല്‍കിശ്തി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആവര്‍ത്തിച്ചുള്ള അവഹേളനത്തിനുള്ള മറുപടിയാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം നടക്കുന്നുണ്ടെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പ്രത്യേകിച്ച് ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമാണ് കാര്‍ട്ടുണുകളെച്ചൊല്ലി നടക്കുന്നതെന്നാണ് മന്ത്രാലയം പറയുന്നത്.
ബഹിഷ്‌കരണത്തിനുള്ള ഈ ആഹ്വാനങ്ങള്‍ അടിസ്ഥാനരഹിതമാണ്, അത് ഉടന്‍ അവസാനിപ്പിക്കണം. അതോടൊപ്പം നമ്മുടെ രാജ്യത്തിനെതിരെ തീവ്ര ന്യൂനപക്ഷം നടത്തുന്ന എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നും മന്ത്രാലയം പറഞ്ഞു.

Related Articles

Back to top button