BREAKING NEWSWORLD

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് അന്തരിച്ചു

കുവൈത്ത് : കുവൈത്ത് ഭരണാധികാരിയും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമീരി ദിവാന് ഉപമന്ത്രി ശൈഖ് അലി അല്‍ജറ അല്‍സബ ആണ് അമീറിന്റെ വിയോഗം കുവൈത്ത് ടി.വി.യിലൂടെ ചൊവ്വാഴ്ച അറിയിച്ചത്. ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങളുടെയും വിശാലമായ കാഴ്ചപ്പാടുകളുടെയും പിന്‍ബലത്തോടെ രാജ്യത്തെ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് നയിച്ച നേതാവായിരുന്നു അദ്ദേഹം. 2005ല്‍ വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയതും കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയതും അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഫലമായിരുന്നു.
ആസൂത്രണവകുപ്പുമന്ത്രിയായി ഒരു വനിതയെ കൊണ്ടുവന്നതും അദ്ദേഹം പ്രധാനമന്ത്രിയായ കാലത്താണ്. നാല്‍പ്പതുവര്‍ഷത്തോളം വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാഷ്ട്രങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. 2006ല്‍ കുവൈത്ത് അമീര്‍ പദവിയിലെത്തിയശേഷം ഇന്ത്യയില്‍ ഒരാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു.
ലോകാരോഗ്യസംഘടന, ലോകതൊഴില്‍ സംഘടന, അന്താരാഷ്ട്രസാമ്പത്തികസമിതി എന്നിവയുള്‍പ്പെടെ വിവിധ അന്താരാഷ്ട്രസമിതികളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ല്‍ കുവൈത്ത് പ്രധാനമന്ത്രിയായതിനെത്തുടര്‍ന്ന് യു.എന്‍. പൊതുസഭയില്‍ പ്രമേയം അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി 2005ല്‍ ജോര്‍ജ് വാഷ്ങ്ടണ്‍ സര്‍വകലാശാല ‘ഡോക്ടര്‍ ഓഫ് ലാസ്’ ഡിഗ്രി നല്‍കി ആദരിച്ചു. നികുതിനിയമത്തില്‍ ഭേദഗതി വരുത്തി വിദേശനിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് ഉന്നതതല സമിതിക്ക് രൂപം നല്‍കി. രാജ്യത്ത് വികസനോത്മുഖ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കുകയും വിദേശ ബാങ്കിങ് സ്ഥാപനങ്ങളുടെ ശാഖകള്‍ ആരംഭിക്കുകയും ചെയ്തു. സ്വദേശികള്‍ക്കൊപ്പം വിദേശികള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. തൊഴിലവസരങ്ങള്‍ക്കനുസൃതമായി നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് അന്താരാഷ്ട്ര തൊഴില്‍സംഘടനകളുടെ നിലവാരത്തില്‍ തൊഴില്‍സംസ്‌കാരം രൂപപ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് അമീറായ കാലത്ത് ഇന്ത്യയും കുവൈത്തും തമ്മലുള്ള ബന്ധം കൂടുതല്‍ ശക്തമായിരുന്നു. കുവൈത്ത് അമീര്‍ ആയശേഷം ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം ഇന്ത്യന്‍ ഭരണാധികാരികളുമായി വിവിധതലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും സുപ്രധാനമായ ചില ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. തൊഴില്‍ റിക്രൂട്ടിങ് സംബന്ധിച്ച ധാരണാപത്രം ഇതില്‍ പ്രധാനമാണ്. പുതിയ ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കംകുറിച്ചതും ഈ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ്. ഇന്ത്യന്‍ ജനതയ്ക്ക് തന്റെ നാട്ടില്‍ പ്രത്യേക പരിഗണന നല്‍കിയ നേതാവായിരുന്നു അദ്ദേഹം. കുവൈത്തില്‍ ഇന്ത്യയുടെ സ്വാധീനം ശക്തമാക്കിക്കൊണ്ട് അവിടത്തെ ഇന്ത്യക്കാരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞത് അദ്ദേഹത്തിന്റെ കാലത്താണ്.

Related Articles

Back to top button