BREAKING NEWS

തൊഴില്‍നിയമങ്ങള്‍ക്ക് ഭേദഗതി; മിന്നല്‍ സമരങ്ങള്‍ക്കു പൂട്ട്, 300 പേരില്‍ താഴെയെങ്കില്‍ തൊഴിലാളിയെ പിരിച്ചുവിടാം

ന്യൂഡല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ സഭാ ബഹിഷ്‌കരണത്തിനിടെ, തൊഴില്‍ മേഖലയിലെ ഉദാരവല്‍ക്കരണവുമായി ബന്ധപ്പെട്ട 3 ചട്ടങ്ങള്‍ ലോക്‌സഭ പാസാക്കി. തൊഴിലാളികളുടെ സാമൂഹിക സുരക്ഷ, വ്യവസായ ബന്ധം, ജോലി സ്ഥലത്തെ സുരക്ഷ, ആരോഗ്യം എന്നിവ സംബന്ധിച്ച ചട്ടങ്ങളാണു ശബ്ദവോട്ടോടെ പാസാക്കിയത്. കോണ്‍ഗ്രസ് അടക്കം കക്ഷികള്‍ സഭ ബഹിഷ്‌കരിച്ചതിനാല്‍ എതിര്‍പ്പുകളുണ്ടായില്ല.
ട്രേഡ് യൂണിയനുകള്‍ക്കും മിന്നല്‍ സമരങ്ങള്‍ക്കും നിയന്ത്രണവും സംസ്ഥാനങ്ങള്‍ക്ക് ആവശ്യാനുസരണം തൊഴില്‍നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള അവകാശവും വ്യവസായ ബന്ധചട്ടത്തിലുണ്ട്. സമരം നടത്താന്‍ യൂണിയനുകള്‍ 14 ദിവസത്തെ മുന്‍കൂര്‍ നോട്ടിസ് നല്‍കണം, മുന്നൂറോ അതില്‍ താഴെയോ തൊഴിലാളികളുള്ള വ്യവസായ സ്ഥാപനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടാതെ തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനും തൊഴില്‍ദാതാവിനു സാധിക്കും. നേരത്തേ, 100 തൊഴിലാളികള്‍ എന്നതായിരുന്നു പരിധി.
ഗ്രാറ്റുവിറ്റി ലഭിക്കാന്‍ ചുരുങ്ങിയത് 5 വര്‍ഷത്തെ തൊഴില്‍ കാലയളവ് വേണമെന്ന നിബന്ധന ഒഴിവാക്കി, തൊഴിലിന്റെ സ്വഭാവമനുസരിച്ച് ഗ്രാറ്റുവിറ്റിക്ക് അര്‍ഹത നിശ്ചയിക്കാന്‍ സാമൂഹിക സുരക്ഷാ ചട്ടം വ്യവസ്ഥ ചെയ്യുന്നു. സ്ഥിരം ജീവനക്കാര്‍ക്ക് 5 വര്‍ഷ കാലയളവ് തുടരും. കരാര്‍ ജീവനക്കാര്‍ക്കു തൊഴില്‍ കാലയളവിന്റെ അടിസ്ഥാനത്തിലായിരിക്കും ഗ്രാറ്റുവിറ്റി. മാധ്യമപ്രവര്‍ത്തകര്‍ക്കു 3 വര്‍ഷത്തിനു ശേഷം ഗ്രാറ്റുവിറ്റിക്ക് അര്‍ഹത. അതിഥിത്തൊഴിലാളികളെയും സാമൂഹിക സുരക്ഷാ ചട്ടത്തില്‍ ഉള്‍പ്പെടുത്തി. ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം.അതിഥിത്തൊഴിലാളികള്‍ക്കു ജോലി സ്ഥലത്തിനു സമീപം താല്‍ക്കാലിക താമസം ലഭ്യമാക്കണമെന്ന വ്യവസ്ഥ ജോലി സ്ഥലത്തെ സുരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ചട്ടത്തില്‍ നിന്ന് ഒഴിവാക്കി. ഇവര്‍ക്ക് സ്വന്തം സംസ്ഥാനത്തേക്കും തിരിച്ചുമുള്ള യാത്രാ ബത്ത തൊഴില്‍ദാതാവ് നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി.

Related Articles

Back to top button