BREAKING NEWSLATESTNATIONAL

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ജോലിഭാരമുള്ളത് ഇന്ത്യക്കാര്‍ക്ക്, ലോകത്ത് അഞ്ചാമതും

ന്യൂഡല്‍ഹി: ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യക്കാരാണ് കൂടുതല്‍ ജോലിഭാരമുള്ളവരെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ.) വെളിപ്പെടുത്തല്‍. ഏറ്റവും കൂടുതല്‍ തൊഴില്‍ സമയമുള്ള ലോകരാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. ഗാംബിയ, മംഗോളിയ, മാലദ്വീപ്, ഖത്തര്‍ എന്നിവയാണ് പട്ടികയിലുള്ള ആദ്യ രാജ്യങ്ങള്‍. കോവിഡ് കാലയളവില്‍ ലോകരാജ്യങ്ങളിലെ തൊഴില്‍സ്ഥിതി താരതമ്യംചെയ്തു തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.
ഗ്രാമീണ ഇന്ത്യയില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്‍ ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലിയെടുക്കുന്നു. സ്ത്രീകള്‍ 37 മണിക്കൂറും. അതേസമയം, സ്ഥിരം വരുമാനക്കാരും ശമ്പളക്കാരുമായിട്ടുള്ള പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 52 മണിക്കൂര്‍ ജോലിയെടുക്കേണ്ടി വരുന്നു. ഈ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് 44 മണിക്കൂറാണ് ജോലി. താത്കാലിക ജീവനക്കാരായ പുരുഷന്മാര്‍ ആഴ്ചയില്‍ 45 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലിയെടുക്കുന്നു.
നഗരമേഖലകളില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്‍ ആഴ്ചയില്‍ 55 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലിയെടുക്കുന്നു. സ്ഥിരംതൊഴിലുള്ളവരും ശമ്പളക്കാരുമായ പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 53 മണിക്കൂറും സ്ത്രീകള്‍ 46 മണിക്കൂറുമാണ് ജോലി. താത്കാലിക ജോലിക്കാരായ പുരുഷന്മാര്‍ക്ക് 45 മണിക്കൂറും സ്ത്രീകള്‍ക്ക് 38 മണിക്കൂറും തൊഴിലെടുക്കേണ്ടി വരുന്നതായും ഐ.എല്‍.ഒ. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
കൂടുതല്‍ സമയം ജോലിയെടുക്കുന്നുണ്ടെങ്കിലും അതനുസരിച്ചുള്ള കൂലി ലഭിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. നഗരമേഖലകളിലെ പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ ഒരു മണിക്കൂര്‍ അധികം ജോലിയെടുക്കുന്നു. അനുവദിക്കപ്പെട്ടതിന്റെ പത്തിലൊന്നു മാത്രമേ ഇന്ത്യയില്‍ വിശ്രമസമയമുള്ളൂ. സ്ത്രീകള്‍ക്കു പുരുഷന്മാരെക്കാള്‍ കുറവാണ് വിശ്രമവേള. സ്വയം തൊഴിലുകാരും ശമ്പളക്കാരും ആഴ്ചയില്‍ ആറു ദിവസത്തില്‍ കൂടുതല്‍ ജോലിയെടുക്കേണ്ടി വരുന്നു.
ദേശീയസംസ്ഥാനതലങ്ങളില്‍ വെവ്വേറെ നിരക്കുകളുമായി മിനിമം വേതന വ്യവസ്ഥ ഇന്ത്യയില്‍ സങ്കീര്‍ണമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തി. വിവിധ തൊഴിലുകളിലായി സംസ്ഥാനങ്ങളില്‍ 1915 വേതന നിരക്കുകളും ദേശീയതലത്തില്‍ 48 നിരക്കുകളുമുണ്ടായിരുന്നു. എന്നാല്‍, തൊഴില്‍ കോഡുകള്‍ വരുന്നതോടെ ഇതു കുറഞ്ഞതു നാലും പരമാവധി പന്ത്രണ്ടുമായി പരിഷ്‌കരിക്കപ്പെടുമെന്നും റിപ്പോട്ട് നിരീക്ഷിച്ചു.

Related Articles

Back to top button