ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള എട്ടാം കോര്‍ കമാന്‍ഡര്‍ ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടായതായി സൈന്യം. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ നിന്ന് സൈന്യത്തെ ഒരേസമയം പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം തീരുമാനിക്കും.
പടിഞ്ഞാറന്‍ മേഖലയില്‍ ഇന്ത്യചൈന അതിര്‍ത്തിയായ യഥാര്‍ഥനിയന്ത്രണ രേഖയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തുറന്നതും ആഴത്തിലുള്ളതും ക്രിയാത്മകവുമായ ചര്‍ച്ച ഇരുഭാഗവും നടത്തിയതായി സൈന്യം ഞായറാഴ്ച പത്രക്കുറിപ്പില്‍ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ എത്തിയിട്ടുള്ള ധാരണ നടപ്പാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കാനും മുന്‍നിര പോരാളികള്‍ ആത്മസംയമനം പാലിക്കാനും തെറ്റിദ്ധാരണകളും പിഴവുകളും വരുത്താതിരിക്കാനും തീരുമാനിച്ചതായും പത്രക്കുറിപ്പില്‍ പറഞ്ഞു.
സൈനികവും നയതന്ത്രപരവുമായ ചര്‍ച്ച തുടരാനും അതിര്‍ത്തിയില്‍ താഴെത്തട്ടില്‍ പ്രശ്നങ്ങളുണ്ടാവാതിരിക്കാന്‍ നടപടി സ്വീകരിക്കാനും മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കാനടക്കമുള്ള ചര്‍ച്ചകള്‍ തുടരാനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ഒമ്പതാം വട്ട കോര്‍ കമാന്‍ഡര്‍ ചര്‍ച്ചയും വൈകാതെ നടക്കും.
ചുഷൂലില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു എട്ടാം വട്ട ചര്‍ച്ച. മലയാളിയായ ലെഫ്റ്റനന്റ് ജനറല്‍ പി.ജി.കെ. മേനോന് ഒക്ടോബര്‍ 13ന് 14ാം കോര്‍ കമാന്‍ഡറായി ചുമതലയേറ്റ ശേഷം നയിക്കുന്ന ആദ്യ ചര്‍ച്ചയായിരുന്നു ഇത്. ചര്‍ച്ചയിലുടനീളം കിഴക്കന്‍ ലഡാക്കില്‍ നിന്നുള്ള സമ്പൂര്‍ണ സൈനിക പിന്മാറ്റത്തില് ഇന്ത്യ ഉറച്ചു നിന്നതോടെയാണ് ചൈന വഴങ്ങിയത്. ടാങ്കുകളും കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളും അടക്കം പിന്‍വലിക്കുന്നതിനാണ് നീക്കം. എങ്കിലും താഴെത്തട്ടില്‍ ഇതു കൃത്യമായി നടപ്പാവുന്നതു വരെ ശ്രദ്ധയോടെ നീങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. നേരത്തേ സൈനിക പിന്മാറ്റത്തിന് തീരുമാനമായിട്ടും ചൈന ധാരണ പാലിക്കാതെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയതിന്റെ പശ്ചാത്തലത്തിലാണിത്.