ആലപ്പുഴ: വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി ചന്ദ്രന് തദ്ദേശ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം. സ്വതന്ത്രനായി മത്സരിച്ച ലതീഷ് സിപിഎം സ്ഥാനാര്‍ഥിയെയാണ് പരാജയപ്പെടുത്തിയത്. മുഹമ്മ പഞ്ചായത്ത് 12ാം വാര്‍ഡില്‍നിന്ന് 129 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലതീഷിന്റെ ജയം. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജെ. ജയലാലിനെയാണ് പരാജയപ്പെടുത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിന്ന ലതീഷിന് 554 വോട്ടുകിട്ടിയപ്പോള്‍ ജയലാലിന് 425 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 36 ഉം ബിജെ.പിക്ക് 69ഉം വോട്ടുകിട്ടി.
കൃഷ്ണപിള്ളസ്മാരകം തകര്‍ത്തകേസില്‍ പൊലീസ് പ്രതിചേര്‍ത്തിരുന്ന ലതീഷ് ഉള്‍പ്പെടെയുള്ളവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടിരുന്നു. ഇതിനുശേഷം പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസിന് സീറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ പാര്‍ട്ടിക്കെതിരെ പ്രകടനം നടത്തിയെന്നാരോപിച്ചാണ് ലതീഷിനെ പുറത്താക്കിയത്. അന്ന് ഈ വിഷയം അന്വേഷിച്ചത് ജയലാലിന്റെ നേതൃത്വത്തിലായിരുന്നു.
പ്രകടനം നടന്ന സമയത്ത് സ്ഥലത്തില്ലാതിരുന്ന തന്നെ കുറ്റക്കാരനാക്കിയെന്നാണ് ലതീഷ് ആരോപിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് മത്സരിച്ചത്. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തോട് മാത്രമേ എതിര്‍പ്പുള്ളൂ. പുന്നപ്ര വയലാര്‍ സമരസേനാനിയുടെ കുടുംബത്തിലുള്ള താന്‍ എന്നും സിപിഎമ്മുകാരനായി തുടരുമെന്നും ലതീഷ് പറയുന്നു.