ENTERTAINMENTLATESTMALAYALAM

യുവതിയുടെ ആത്മഹത്യ: സീരിയല്‍ നടിയും കുടുംബവും നിരീക്ഷണത്തില്‍

കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ സീരിയല്‍ നടി ലക്ഷ്മി പ്രമോദും പ്രതിയുടെ കുടുംബാംഗങ്ങളും തങ്ങളുടെ നിരീക്ഷണത്തില്‍ തന്നെയാണെന്ന് പോലീസ്. ഇവരില്‍നിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണുകള്‍ സൈബര്‍ പോലീസ് സംഘം വിശദമായി പരിശോധിച്ചുവരികയാണെന്നും അന്വേഷണ സംഘം.
സീരിയല്‍ നടിയെയും കുടുംബാംഗങ്ങളെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെയാരും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല. റിമാന്‍ഡിലുള്ള പ്രതി ഹാരിഷ് മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങിയാലേ തെളിവെടുപ്പും കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്ന നടപടികളിലേക്കും കടക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. സീരിയല്‍ നടി ഉള്‍പ്പെടുന്ന പ്രതിയുടെ കുടുംബാംഗങ്ങള്‍ നേരത്തെ താമസിച്ചിരുന്ന വീട്ടില്‍നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ താമസം മാറിയതാണെന്നും പോലീസ് പറയുന്നു.
ഹാരിഷ് മുഹമ്മദിനെ എത്രയും പെട്ടെന്ന് കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് സംഘത്തിന്റെ ശ്രമം. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി യുവതിയുമായി പോയ സ്ഥലങ്ങളില്‍ തെളിവെടുപ്പും നടത്തും. അതേസമയം, കേസില്‍ പ്രതി ചേര്‍ക്കാനുള്ള സാധ്യത കൂടിയതിനാല്‍ സീരിയല്‍ നടി ഉള്‍പ്പെടെയുള്ള ഹാരിഷിന്റെ കുടുംബാംഗങ്ങള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.
വിവാഹത്തില്‍നിന്ന് പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊട്ടിയത്തെ യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്. വിവാഹനിശ്ചയവും വളയിടല്‍ ചടങ്ങും കഴിഞ്ഞ ശേഷമായിരുന്നു പ്രതിശ്രുത വരന്‍ ഹാരിഷ് മുഹമ്മദും കുടുംബവും വിവാഹത്തില്‍നിന്ന് പിന്മാറിയത്. എട്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്.
ഇതിനുശേഷം ഹാരിഷ് യുവതിയെ പലയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും യുവതിയുടെ കുടുംബത്തില്‍നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കുകയും ചെയ്തിരുന്നു. ഹാരിഷിന്റെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദും പലദിവസങ്ങളിലും യുവതിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി. നടിയുടെ കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞ് സീരിയല്‍ ലൊക്കേഷനുകളിലേക്കും ഒപ്പം കൂട്ടി. യുവതി ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിഞ്ഞെന്ന വ്യാജരേഖ ചമച്ച് ഗര്‍ഭഛിദ്രം നടത്തിയതിലും സീരിയല്‍ നടിക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.

Related Articles

Back to top button