KERALALATEST

മത്സ്യത്തൊഴിലാളി നേതാവ് ലാല്‍ കോയിപ്പറമ്പില്‍ അന്തരിച്ചു

ആലപ്പുഴ: മത്സ്യത്തൊഴിലാളി നേതാവും സമരനായകനുമായിരുന്ന അര്‍ത്തുങ്കല്‍ കോയില്‍പ്പറമ്പില്‍ ലാല്‍ കോയില്‍പ്പറമ്പില്‍ (69) അന്തരിച്ചു. കുറച്ചു ദിവസമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച്ച 10ന് അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍. ഭാര്യ: മിനി പീറ്റര്‍ (അധ്യാപിക സെന്റ് ഫ്രാന്‍സീസ് അസീസി എച്ച്എസ്എസ് അര്‍ത്തുങ്കല്‍. പൊന്‍കുന്നം വയലുങ്കല്‍ കുടുംബാംഗം). മക്കള്‍: നിഥിയലാല്‍ (ന്യൂസിലാന്‍ഡ്) നിഥിന്‍ലാല്‍ (ബെംഗളൂരു). മരുമകന്‍: മിഥുന്‍ ജാക്‌സണ്‍ ആറാട്ടുകുളം (ന്യൂസിലാന്‍ഡ്).
മത്സ്യത്തൊഴിലാളി മേഖലയ്ക്കായി മുന്നില്‍ നിന്നു പോരാടിയ, എതിരാളികളുടെ പേടിസ്വപ്നമായിരുന്ന നേതാവായിരുന്നു ലാല്‍ കോയില്‍പ്പറമ്പില്‍. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സീസ് എച്ച്എസ്, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ രൂപതയുടെ കാത്തലിക് യൂത്ത് മൂവ്‌മെന്റ് സംഘടനയിലൂടെയാണ് പൊതുരംഗത്തേക്കു കടക്കുന്നത്. പിന്നീട് കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് (കെസിവൈഎം) രൂപതാ പ്രസിഡന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുകയും ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ 1980ല്‍ സാമൂഹ്യ വിഷയങ്ങളുയര്‍ത്തി പയ്യന്നൂര്‍ മുതല്‍ തിരുവനന്തപുരം വരെ വാഹന പ്രചാരണ ജാഥ നടത്തിയിരുന്നു.
ഗൂഡല്ലൂരില്‍ കുടിയിറക്കല്‍ സമരം നടന്നപ്പോള്‍ അവിടെയെത്തി ആക്ഷന്‍ കൗണ്‍ലില്‍ കണ്‍വീനറായി സമരത്തില്‍ പങ്കാളിയായി. കെസിവൈഎം നേതൃത്വത്തില്‍ ജില്ലാകേന്ദ്രങ്ങളിലും സമരം നടത്തി. അതിനിടെ സ്വതന്ത്ര മത്സ്യത്തൊഴിലാളി ജില്ലാ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായി. ട്രോളിങ്ങ് നിരോധനത്തിനെതിരെ 6 തവണ നിരാഹാര സമരം നടത്തി. രണ്ടാഴ്ച്ചവരെ നീണ്ടതായിരുന്നു സമരങ്ങള്‍. പിന്നീട് ബോട്ട് തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും സമരങ്ങള്‍ നടത്തുകയും ചെയ്തു.
സ്ഥാനമോഹങ്ങള്‍ക്കു വഴങ്ങാതെ ഒരു വിഷയത്തെ പൂര്‍ണമായി ഗ്രഹിച്ചുള്ള പ്രവര്‍ത്തനവും തീപ്പൊരി പ്രസംഗവും അസാമാന്യ നേതൃപാഠവവും ശക്തമായ നിലപാടും ആദര്‍ശവുമെല്ലാം ലാലിന്റെ വ്യത്യസ്ഥനാക്കിയിരുന്നു. താന്‍ നടത്തിയ സമരങ്ങളും നിരാഹാരങ്ങളും രോഗത്തിനും കാരണമായെന്നു ലാല്‍ സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നു. ചേര്‍ത്തലയില്‍ നിന്നും നിയമസഭയിലേക്കു ജെഎസ്എസ് സ്ഥാനാര്‍ഥിയായി ലാല്‍ കോയില്‍പ്പറമ്പിലിനെ ആലോചിച്ചിരുന്നു.

Related Articles

Back to top button