ENTERTAINMENTMALAYALAM

കൊറോണക്കാലത്തെ അതിജീവനം; ഗുഡ്‌സ് ഓട്ടോയില്‍ പച്ചക്കറി വിറ്റ് സംവിധായകന്‍

സ്വന്തമായി സംവിധാനം ചെയ്യുന്നൊരു സിനിമ യാഥാര്‍ഥ്യമാവാന്‍ സിനിമാ മോഹവുമായി നടന്ന പതിനൊന്നു വര്‍ഷങ്ങള്‍. ഒടുവില്‍ ആ സിനിമ റിലീസിനായി തയ്യാറെടുക്കവേ അപ്രതീക്ഷിതമായി വന്ന കൊറോണയും ലോക്ക് ഡൗണും. തീയേറ്ററുകള്‍ അടഞ്ഞു, സിനിമ എങ്ങനെ പുറത്തിറക്കുമെന്ന ചിന്ത. എങ്കിലും ജീവിതം മുന്നോട്ടുപോകേണ്ടെയെന്ന ചിന്തയില്‍ പച്ചക്കറി വ്യാപാരം തുടങ്ങി, പറഞ്ഞു വരുന്നത് ‘ലാല്‍ ജോസ്’ എന്ന പേരില്‍ ഇറങ്ങുന്ന പുതിയ സിനിമയുടെ സംവിധായകനായ കബീര്‍ പുഴമ്പ്രത്തിന്റെ ജീവിതത്തെ കുറിച്ചാണ്.
ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് താന്‍ തയ്യാറാക്കി തിരക്കഥകളുമായി കബീര്‍ ലൊക്കേഷനുകള്‍ കയറിയിറങ്ങിയത്. ഇതിനിടയില്‍ കേരള വിഷനില്‍ ജേര്‍ണലിസ്റ്റായി ജോലിയും ചെയ്തിരുന്നു. അലച്ചിലിനൊക്കെ ഇടയില്‍ കീഴൂര്‍ ഡി.ബി കോളേജില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തിരക്കഥയുമായി നടന്‍ ദിലീപിനെയാണ് ആദ്യമായി ചെന്നുകണ്ടത്. ‘ആഗതന്‍’ സിനിമയുടെ ലൊക്കേഷനിലായിരുന്നു.
ദിലീപും അന്തരിച്ച കലാഭവന്‍ മണിയും തനിക്ക് ഏറെ പ്രോത്സാഹനം തന്നുവെന്ന് കബീറിന്റെ വാക്കുകള്‍. പക്ഷേ സിനിമാ ചര്‍ച്ചകള്‍ നീണ്ടുപോയി. അതിനിടയില്‍ മറ്റ് ടി.വി ചാനലുകളില്‍ നിന്നൊക്കെ ഓഫറുകള്‍ വന്നു. പക്ഷേ കബീര്‍ തന്റെ സ്വപ്നത്തിന് പിറകെ പോയി. ഒടുവില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം കബീര്‍ സംവിധാനം ചെയ്ത ആദ്യ സിനിമ ‘ലാല്‍ ജോസ്’ ഈ വര്‍ഷം പുറത്തിറങ്ങുകയാണ്.
ഷൂട്ടിംഗും എഡിറ്റിങ്ങും മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമൊക്കെ കഴിഞ്ഞ് സിനിമ റിലീസിന് ഒരുങ്ങുമ്പോഴാണ് കൊറോണ വന്നത്. തീയേറ്ററുകളൊക്കെ അടച്ചു. എന്ത് ചെയ്യുമെന്ന അവസ്ഥയായി. വീട്ടില്‍ വെറുതെ ഇരുന്ന് മടുത്തു. അങ്ങനെയാണ് പച്ചക്കറി വില്പന ആയാലും കൂലിപ്പണി ആയാലും എല്ലാത്തിനും മാന്യത ഉണ്ട് എന്ന ചിന്തയില്‍ തിരക്കഥാ കൃത്തും സംവിധായകനുമായ കബീര്‍ പച്ചക്കറി വില്‍പ്പനയ്ക്ക് ഇറങ്ങിയത്.
കൊറോണ വന്നു, ലോക്ക് ഡൗണായി, കയ്യില്‍ കാശില്ലാതെ വന്നതോടെ ടെന്‍ഷനായി. അങ്ങനെയാണ് അമ്മാവന്റെ മകനും ഞാനും കൂടിയാണ് ഗുഡ്‌സ് ഓട്ടോയില്‍ പച്ചക്കറി വില്‍ക്കാനിറങ്ങിയത്. പൊന്നാനി പഴമ്പ്രുത്തും മറ്റ് പല ഭാഗങ്ങളിലും ഓട്ടോയില്‍ കൊണ്ടുപോയി വില്‍ക്കും. സംവിധായകനായാല്‍ മറ്റു ജോലികള്‍ ചെയ്യുന്നത് കൊണ്ട് എന്താണ് കുഴപ്പം, ഈഗോ കോംപ്ലക്‌സ്, നാണക്കേട് എന്നിവ മാറ്റി വെച്ചാലേ ഈ ലോകത്ത് വിജയിക്കാന്‍ കഴിയൂ, കബീറിന്റെ വാക്കുകള്‍.
ആ പേരാണ് സിനിമയുടെ സസ്‌പെന്‍സ്. അതിന്റെ ത്രില്‍ ഇപ്പോള്‍ പറയാനാകില്ല. സംവിധായകന്‍ ലാല്‍ ജോസ് സാറിന്റെയൊക്കെ അനുമതി വാങ്ങി, ഫിലി ചേമ്പറിന്റേയും അനുമതി ലഭിച്ച ശേഷമാണ് ആ പേര് രജിസ്റ്റര്‍ ചെയ്തത്. വെബ്‌സീരീസുകളിലൂടെ ശ്രദ്ധേയനായ മുഹമ്മദ് ഷാരിഖ് ആണ് നായകനാകുന്നത്. കൂടാതെ അന്തരിച്ച ശശി കലിംഗ, രാജേഷ് ശര്‍മ്മ, ഭഗത് മാനുവല്‍, ജെന്‍സണ്‍ ആലപ്പാട്ട് തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ശശി ചേട്ടന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച സിനിമയാണിത്. ഇവരെ കൂടാതെ കലാഭവന്‍ ഹനീഫ്, വിനോദ് കെടാമംഗലം, റിസബാവ, വികെ ബൈജു, അബ്ദുല്‍ മജീദ്, ടോണി ഇവരും അഭിനയിക്കുന്നുണ്ട്. പുതുമുഖം ആയ ആന്‍ ആന്‍ഡ്രിയ ആണ് സിനിമയിലെ നായിക. ദേവി അജിത്ത്, ദേവിക, മാളവിക, അശ്വതി, ഫജ്ത തുടങ്ങിയവരും സിനിമയിലുണ്ട്, ഈ അവസരത്തില്‍ സിനിമയുടെ ഒടിടി റിലീസ് സാധ്യതകള്‍ അന്വേഷിക്കുന്നുമുണ്ട്, കബീര്‍ പറയുന്നു.
ത്രിബിള്‍ സിക്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഏതു പ്രതിസന്ധി ഘട്ടത്തിലും കൂടെ നിന്നയാളാണ് നിര്‍മാതാവ് ഹസീബ്, സിനിമയ്ക്ക് വേണ്ടി മുതല്‍ മുടക്കിയ നിര്‍മാതാവിനെ ബുദ്ധിമുട്ടിപ്പിക്കേണ്ട എന്ന് കരുതി തന്റെ പ്രശ്‌നങ്ങള്‍ നിര്‍മാതാവിനെ പോലും അറിയിച്ചിരുന്നില്ലെന്ന് കബീറിന്റെ വാക്കുകള്‍. നിരവധി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ധനേഷ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം ബിനേഷ് മണി, ഗാനരചന ജോ പോള്‍, കലാസംവിധാനം ബിജു പൊന്നാനി, കോസ്റ്റുംസ് ഡിസൈനര്‍ റസാഖ് തിരൂര്‍, മേക്കപ്പ് രാജേഷ് രാഘവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇസ്മയില്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സനു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് ജബ്ബാര്‍ മതിലകം, അമീര്‍ ഇവെന്‍ട്രിക്, പ്രൊഡക്ഷന്‍ മാനേജര്‍ അസീസ് കെ വി, ഫിനാന്‍സ് കണ്‍ട്രോളര്‍ ബിറ്റു വര്‍ഗീസ്, പി. ആര്‍. ഒ സുമേരന്‍ ഇവരാണ്.

Tags

Related Articles

Back to top button
Close