BREAKING NEWSKERALALATEST

ഭൂമിയുടെ ന്യായവില 30% കൂടും, കെട്ടിട നികുതിയിലും വര്‍ധന

തിരുവനന്തപുരം: കഴിഞ്ഞ ബജറ്റില്‍ അധിക വിഭവസമാഹരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച അധിക നിരക്കുകള്‍കൂടി ഉള്‍പ്പെടുത്തിയ ധനകാര്യബില്‍ നിയമസഭ പാസാക്കി. ഉപ ധനാഭ്യര്‍ഥന, ധനവിനിയോഗ ബില്ലുകള്‍ എന്നിവയും പാസാക്കി. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതിനിര്‍ദേശങ്ങളെല്ലാം ധനബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സബ്ജക്ട് കമ്മിറ്റിക്കു വിടാതെ നേരിട്ട് അവതരിപ്പിക്കാനായി ചട്ടം ഭേദഗതിചെയ്തു.
ഭൂമിയുടെ ന്യായവിലയില്‍ 30 ശതമാനം വര്‍ധന വരുത്തുമെന്ന് ധനബില്ലില്‍ പറയുന്നു. ഇതിനായി ഗസറ്റ് വിജ്ഞാപനം വരും. ഫഌറ്റുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ ഒഴികെയുള്ള കെട്ടിടങ്ങള്‍ കൈമാറ്റംചെയ്യുമ്പോള്‍ കേന്ദ്ര മരാമത്തുവകുപ്പ് നിരക്കില്‍ തറവിസ്തീര്‍ണം അടിസ്ഥാനത്തില്‍ വില നിര്‍ണയിച്ച് നികുതി ഈടാക്കും. അധിക ധനാഭ്യര്‍ഥനയില്‍ തിരഞ്ഞെടുപ്പ് എന്ന തലക്കെട്ടില്‍ 100 കോടി രൂപ വകയിരുത്തി. തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടാണ് തുകയെന്നാണു സൂചന.
പൊതുവില്‍പ്പനനികുതി കുടിശ്ശിക പിരിക്കാന്‍ സമഗ്രമായ ആംനസ്റ്റി പദ്ധതി നടപ്പാക്കാന്‍ ധനബില്ലില്‍ വ്യവസ്ഥയുണ്ട്. അഡ്മിറ്റഡ് ടാക്‌സ് പൂര്‍ണമായും അടയ്ക്കണം. തര്‍ക്കത്തിലുള്ള നികുതിയുടെ 50 ശതമാനം ഇളവ് അനുവദിക്കും. കോടതികളിലോ ട്രിബ്യൂണലുകളിലോ അപേക്ഷകന്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കണം. അപേക്ഷ നല്‍കാനും കുടിശ്ശിക അടയ്ക്കാനുമുള്ള സമയപരിധി പുതിയ സാഹചര്യത്തില്‍ മാറ്റംവരുത്തി. തവണകളായോ മൊത്തമായോ തുക അടയ്ക്കണം. ആദ്യഗഡു 20 ശതമാനത്തില്‍ കുറയാന്‍ പാടില്ല. മുമ്പ് പ്രഖ്യാപിച്ച ആംനസ്റ്റി സ്‌കീമില്‍ കുടിശ്ശിക അടയ്ക്കാന്‍ കഴിയാത്തവര്‍ക്കും പുതിയ പദ്ധതി ഉപയോഗപ്പെടുത്താം.
ബാറുകളുടെ വിറ്റുവരവ് നികുതി കുടിശ്ശികയിെല പിഴ പൂര്‍ണമായി ഒഴിവാക്കുന്ന ബജറ്റ് നിര്‍ദേശം ധനബില്ലിലുണ്ട്. പലിശയിലും 50 ശതമാനം ഒഴിവാക്കി. ഉപധനാഭ്യര്‍ഥനകള്‍ തിങ്കളാഴ്ചതന്നെ സഭ പാസാക്കി.
ഇതോടൊപ്പം റവന്യൂ വകുപ്പ് ഈടാക്കുന്ന ഒറ്റത്തവണ കെട്ടിടനികുതിയും പുനഃക്രമീകരിച്ചു. 30 ശതമാനംവരെ വര്‍ധനവരും. നേരത്തേ ഗ്രാമപ്പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഒറ്റ സ്ലാബില്‍ ഉള്‍പ്പെടുത്തി നികുതി നിര്‍ദേശിച്ചതിനാല്‍ ഗ്രാമപ്പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ക്ക് 200 മുതല്‍ 250 വരെ ശതമാനം വര്‍ധനയുണ്ടായിരുന്നു. വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നികുതി പുനഃക്രമീകരിച്ചത്.
പുതുക്കിയ നികുതിനിരക്ക്
വാസഗൃഹങ്ങള്‍
* 100 ചതുരശ്ര മീറ്ററില്‍ കവിയാത്ത വീടുകള്‍ക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും നികുതിയില്ല.
* 100നു മുകളില്‍ 150 വരെ ചതുരശ്ര മീറ്റര്‍: ഗ്രാമപ്പഞ്ചായത്ത്1950 രൂപ, മുനിസിപ്പാലിറ്റി3500 രൂപ, കോര്‍പറേഷന്‍5200 രൂപ.
* 150 മുതല്‍ 200 ച. മീറ്റര്‍: ഗ്രാമം3900, മുനിസിപ്പാലിറ്റി7000, കോര്‍പറേഷന്‍10,500.
* 200 മുതല്‍ 250 ച. മീറ്റര്‍വരെ: ഗ്രാമം 7800, മുനിസിപ്പാലിറ്റി14,000, കോര്‍പറേഷന്‍21,000.
* 250 ച. മീറ്ററിനു മുകളില്‍: ഗ്രാമപ്പഞ്ചായത്തില്‍ 7800 രൂപയും അധികംവരുന്ന ഓരോ പത്ത് ച. മീറ്ററിനും 1560 രൂപ വീതവും, മുനിസിപ്പാലിറ്റിയില്‍ 14,000 രൂപയും അധികമുള്ള ഓരോ 10 ച. മീറ്ററിനും 3100 രൂപ വീതം. കോര്‍പറേഷനില്‍ 21,000 രൂപയും അധികമുള്ള ഓരോ പത്ത് ച. മീറ്ററിനും 3900 രൂപ വീതവും.

മറ്റു കെട്ടിടങ്ങള്‍
* 50 ച.മീ. കവിയാത്ത കെട്ടിടങ്ങള്‍ക്ക് ഗ്രാമ, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ നികുതിയില്ല.
* 50 മുതല്‍ 75 വരെ ച. മീറ്റര്‍: ഗ്രാമം1950 രൂപ, മുനിസിപ്പാലിറ്റി 3900, കോര്‍പറേഷന്‍ 7800.
* 75 മുതല്‍ 100 വരെ ച. മീറ്റര്‍: ഗ്രാമം 2925, മുനിസിപ്പാലിറ്റി 5800, കോര്‍പറേഷന്‍11,700.
* 100 മുതല്‍ 150 വരെ ച. മീറ്റര്‍: ഗ്രാമം 5850, മുനിസിപ്പാലിറ്റി 11,700, കോര്‍പേറഷന്‍ 23,400.
* 150 മുതല്‍ 200 വരെ ച. മീറ്റര്‍: ഗ്രാമം 11,700, മുനിസിപ്പാലിറ്റി 23,400, കോര്‍പറേഷന്‍ 46,800.
* 200 മുതല്‍ 250 വരെ ച.മീറ്റര്‍: ഗ്രാമം 23,400, മുനിസിപ്പാലിറ്റി 46,800, കോര്‍പറേഷന്‍ 70,200.
* 250 ച. മീറ്ററിനു മുകളില്‍: ഗ്രാമപഞ്ചായത്തില്‍ 23,400 രൂപയും അധിക ഓരോ പത്ത് ച. മീറ്ററിനും 2340 രൂപ വീതവും മുനിസിപ്പാലിറ്റിയില്‍ 46,800 രൂപയും അധികമുള്ള ഓരോ 10 ച. മീറ്ററിനും 4600 രൂപ വീതവും, കോര്‍പറേഷനില്‍ 70,200 രൂപയും അധികമുള്ള ഓരോ 10 ചതുരശ്ര മീറ്ററിനും 5800 രൂപ വീതവും.

Related Articles

Back to top button