മോഷ്ടാക്കളുടെ ശല്യം കാരണമാണ് ഇന്ന് പല വീടുകളിലും മുന്തിയ ഇനം നായ്ക്കളെ വളര്‍ത്തുന്നതിന്റെ ഒരു കാരണം. എന്നാല്‍ അതുകൊണ്ടും രക്ഷയില്ലെന്ന് കണ്ട് ചിലര്‍ സിസിടിവി കാമറകള്‍ വീടിന് ചുറ്റും സ്ഥാപിക്കുകയും അവ സ്വന്തം മെബൈലുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, സിസിടിവിയില്‍ പതിയുമെന്ന് ഉറപ്പുണ്ടായിട്ടും മോഷ്ടാക്കള്‍ തങ്ങളുടെ ജോലി നിര്‍ബാധം തുടരുന്നു. ഇതിനിടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഒരു ചിത്രം ഏറെ വൈറലായത്. പട്ടി, പശു തുടങ്ങിയ വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ ആളുകള്‍ ചങ്ങലയ്ക്കിടുന്നത് സാധാരണമാണ്. അവ ഏങ്ങോട്ടെങ്കിലും ഇറങ്ങി പോകാതിരിക്കാനാണ് ആ മുന്‍കരുതല്‍. എന്നാല്‍ വൈറല്‍ വീഡിയോയില്‍ റോഡിരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു ലാന്‍ഡ് റോവര്‍ സമീപത്തെ മരത്തില്‍ ചങ്ങലയ്ക്കിട്ടിരിക്കുന്നതാണ് ഉള്ളത്. ചിത്രം കണ്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍, ഉടമയുടെ പ്രവര്‍ത്തി കണ്ട് അന്തം വിട്ടു.
95 ലക്ഷം രൂപയോളം വിലമതിക്കുന്ന ലാന്‍ഡ് റോവര്‍ ലണ്ടനിലെ ലോണ്ടോയിലെ ഒരു റെസിഡന്‍ഷ്യല്‍ സ്ട്രീറ്റിലെ ഒരു മരത്തിലാണ് ചങ്ങലയ്ക്കിട്ടിരിക്കുന്നത്. ലണ്ടനിലെ ലാന്‍ഡ് റോവര്‍ കാറുകളുടെ ഉടമകള്‍ അവരുടെ കാറുകള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്നായിരുന്നു ഇത് സംബന്ധിച്ച് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ലണ്ടനില്‍ ലാന്‍ഡ് റോവര്‍ കാറുകളുടെ മോഷണം അടുത്തകാലത്തായി വര്‍ദ്ധിച്ചു, ഇത് കാരണം ആളുകള്‍ അവരുടെ കാറുകളുടെ സുരക്ഷയെക്കുറിച്ച് വളരെ ആശങ്കാകുലരാണ്. ലാന്‍ഡ് റോവര്‍ കാറിന്റെ ഉടമ, തന്റെ വാഹനം നഷ്ടപ്പെടാതിരിക്കാന്‍ ചെയ്തത് അതിനെ ചങ്ങലയ്ക്കിടുകയായിരുന്നു. കാറുകളുടെ നഷ്ടപ്പെട്ട അന്തസ്സ് വീണ്ടെടുക്കുന്നതിനും മോഷണം തടയുന്നതിനും 10 കോടിയിലധികം രൂപ ചെലവഴിച്ച് സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കഴിഞ്ഞ മാസം പോലീസിനെ അറിയിച്ചതിന് പിന്നാലെയാണ് വീഡിയോ വൈറലായത്.
2023 ല്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെട്ട കാറാണ് ലെക്‌സസ് ആര്‍എക്‌സ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് കാരണം ഇവ മോഷ്ടിക്കാന്‍ എളുപ്പമാണെന്നത് തന്നെ. എന്നാല്‍ കമ്പനി ചെലവഴിക്കുന്ന പണം പോലീസിനെ സഹായിക്കാന്‍ മാത്രമാണെന്നും കാറിന്റെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താന്‍ കമ്പനി പണം ചെലവഴിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘കീലെസ് എന്‍ട്രി’ സൗകര്യം ഉള്ളതിനാലാണ് മോഷ്ടാക്കള്‍ക്ക് കാര്‍ എളുപ്പത്തില്‍ മോഷ്ടിക്കാന്‍ കഴിയുന്നത്. 2023 ല്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെട്ട മൂന്ന് ലാന്‍ഡ് റോവര്‍ മോഡലുകള്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ ഇവോക്ക്, ലാന്‍ഡ് റോവര്‍ ഡി എന്നിവയാണ്. അതേസമയം പുതിയ കുടിയേറ്റക്കാരുടെ വരവാണോ മോഷണം വര്‍ദ്ധിക്കാന്‍ കാരണമെന്ന് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോദിച്ചു. ടോമി റോബിന്‍സണ്‍ എന്ന എക്‌സ് ഉപയോക്താവ് പങ്കുവച്ച വീഡിയോ ഇതിനകം അരലക്ഷത്തിലധികം പേരാണ് കണ്ടത്.
101 1 minute read