BREAKING NEWSKERALALATEST

ഇനി സൈബര്‍ സഖാക്കളുടെ ജോലി പ്രകടനപത്രിക ‘ക്യാപ്‌സ്യൂള്‍’ രൂപത്തില്‍ പ്രചരിപ്പിക്കല്‍

കൊല്ലം: എല്‍.ഡി.എഫ്. പ്രകടനപത്രിക ‘ക്യാപ്‌സ്യൂള്‍’ രൂപത്തിലാക്കി പരമാവധി പ്രചരിപ്പിക്കാന്‍ സൈബര്‍ സഖാക്കളോട് സി.പി.എം. നിര്‍ദേശം. നീളംകുറഞ്ഞ സന്ദേശങ്ങളും ഇമേജുകളും ഉള്‍പ്പെടുത്തിയാണ് ക്യാപ്‌സ്യൂള്‍ തയ്യാറാക്കുക. ഇവ വ്യക്തിഗത അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാനാണ് പാര്‍ട്ടി പറഞ്ഞിരിക്കുന്നത്. ഓരോ വിഭാഗത്തിനും ഗുണകരമാകുന്ന പ്രകടനപത്രികയിലെ ഭാഗങ്ങള്‍ അതത് ഗ്രൂപ്പുകളിലെത്തിക്കും. ആ മേഖലകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിലുണ്ടായ ഭരണനേട്ടങ്ങളും പ്രചരിപ്പിക്കും.
രാഷ്ട്രീയ എതിരാളികളെ സാമൂഹിക മാധ്യമങ്ങളില്‍ ‘പൊങ്കാല’യിടരുതെന്ന് അണികളോട് സി.പി.എം. പറഞ്ഞിട്ടുണ്ട്. മറ്റ് പാര്‍ട്ടികളെയോ വിഭാഗങ്ങളെയോ നേതാക്കളെയോ ‘ട്രോള്‍’ വഴി ആക്ഷേപിക്കാനും പാടില്ല. കഴിഞ്ഞദിവസം ആലപ്പുഴ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതി പുന്നപ്ര രക്തസാക്ഷി സ്മാരകം സന്ദര്‍ശിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളെത്തുടര്‍ന്നാണ് സാമൂഹികമാധ്യമ വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി കര്‍ശന നിര്‍ദേശം നല്‍കിയത്. ഈ വിഷയത്തില്‍ ചില ‘സൈബര്‍ സഖാക്കള്‍’ പൊങ്കാല തുടങ്ങിയയുടനെത്തന്നെ പിന്‍വലിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തു.
നേരത്തേ പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ വീടിനുമുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കയറിയസംഭവത്തെ സി.പി.എം. നവമാധ്യമ ഗ്രൂപ്പുകള്‍ ട്രോളാക്കിയിരുന്നു. ‘ഓട് നന്നാക്കാന്‍ യു.ഡി.എഫ്.’ എന്ന മട്ടില്‍ ട്രോളുകള്‍ പ്രചരിച്ചപ്പോള്‍ത്തന്നെ പിന്‍വലിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും പിന്നാലെ പോകാതെ ജാഗ്രത കാട്ടണമെന്നാണ് നിര്‍ദേശം.

Related Articles

Back to top button