കോട്ടയം: സീറ്റ് വിഭജനത്തെ ചൊല്ലി കോട്ടയത്തെ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. ആത്മാഭിമാനം പണയം വെച്ച് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സി.പി.ഐ. അതേസമയം ജില്ലാ പഞ്ചായത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതിന് പകരം മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ സി.പി.ഐക്ക് സീറ്റു നല്കി തര്‍ക്കം പരിഹരിക്കാനുള്ള ശ്രമമാണ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്നത്.
ജില്ലാ പഞ്ചായത്തിലും പാലാ ഉള്‍പ്പെടെയുള്ള നഗരസഭകളിലുമാണ് സി.പി.ഐ. കടുംപിടുത്തം തുടരുന്നത്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍നിന്ന് കാര്യമായി കുറവു വരുത്താന്‍ സി.പി.ഐ. ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിലേക്ക് അഞ്ച് സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ ഒരു സീറ്റ് വേണമെങ്കില്‍ വിട്ടുകൊടുക്കാമെന്ന് സി.പി.ഐ. നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ജോസ് കെ. മാണി വിഭാഗത്തെ ഉള്‍ക്കൊള്ളാന്‍ രണ്ട് സീറ്റുകള്‍ വിട്ടു കൊടുക്കണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം. എന്നാല്‍ ആത്മാഭിമാനം പണയം വെച്ചു കൊണ്ടുള്ള വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സി.പി.ഐക്ക്. ഇന്നലെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പങ്കെടുത്ത ജില്ല എക്സിക്യൂട്ടീവ് കോട്ടയത്ത് നടന്നിരുന്നു. ഈ യോഗത്തിലെ പ്രധാന വികാരവും ഇതായിരുന്നു.
യോഗത്തിനു ശേഷം കാനം രാജേന്ദ്രന് മാധ്യമങ്ങളെ കണ്ടിരുന്നു. ജനസ്വാധീനത്തിന്റെ കാര്യത്തില്‍ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി സി.പി.ഐ. തന്നെ ആണെന്ന് കാനം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു.
ജോസ് വിഭാഗം എല്‍.ഡി.എഫില്‍ എത്തിയതു മുതല്‍ സീറ്റ് വിഭജനത്തില്‍ ഉള്‍പ്പെടെ സി.പി.എം. കൂടുതല്‍ പരിഗണന നല്കുന്നു എന്ന പരാതി സി.പി.ഐ. ജില്ലാ നേതൃത്വത്തിന് മുന്‍പേ തന്നെയുണ്ടായിരുന്നു. ജോസ് കെ. മാണി വിഭാഗമാകട്ടെ, കഴിഞ്ഞ തവണ മത്സരിച്ച 11 സീറ്റുകള്‍ വേണമെന്ന കടുംപിടിത്തത്തിലാണ്. അത്രയും സീറ്റുകള്‍ നല്‍കാനാകില്ല എന്ന് സി.പി.എം. അവരെ അറിയിച്ചിട്ടുണ്ട്.
ഒമ്പതു സീറ്റുകള്‍ നല്‍കാമെന്ന ധാരണയാണ് സി.പി.എം. ഇടപെട്ട് ഉണ്ടാക്കുന്നത്. എന്നാല്‍ ആ ഒമ്പതു സീറ്റുകളില്‍ എട്ടുസീറ്റുകള്‍ നല്‍കാം. ബാക്കിയുള്ള ഒരു സീറ്റ് അധികം നല്കണമെങ്കില് അത് സി.പി.ഐയുടെ അക്കൗണ്ടില്‍നിന്ന് നല്‍കണം. ഇതാണ് ഇപ്പോള്‍ വലിയ തര്‍ക്കത്തിന് വഴിവെച്ചിരിക്കുന്നത്. പാലാ നഗരസഭയില്‍ ഏഴു സീറ്റില്‍ കഴിഞ്ഞ തവണ സി.പി.ഐ. മത്സരിച്ചിരുന്നു.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സി.പി.എം. ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയേറ്റും യോഗം ചേരുന്നുണ്ട്. വൈകിട്ട് എല്‍.ഡി.എഫ്. യോഗത്തില്‍ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.