BREAKING NEWSKERALA

എല്‍ഡിഎഫ് യോഗം വ്യാഴാഴ്ച; ജോസിന്റെ മുന്നണി പ്രവേശം തന്നെ മുഖ്യചര്‍ച്ച

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇടതുമുന്നണി യോഗം വ്യാഴാഴ്ച ചേരും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ നടന്ന ചര്‍ച്ചക്ക് പിന്നാലെയാണ് യോഗ കാര്യം തീരുമാനിച്ചത്.
മതേതര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ക്ക് സിപിഎം തയ്യാറാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ബിജെപിയെ എല്ലാ സംസ്ഥാനങ്ങളിലും ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക സഖ്യങ്ങള്‍ക്ക് പാര്‍ട്ടി പ്രാമുഖ്യം നല്‍കുന്നത്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേരുന്നതായുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ബീഹാര്‍ മാതൃകയില്‍ രാജ്യത്തെമ്പാടും ഇടതുപക്ഷം കൂടുതല്‍ സഖ്യങ്ങള്‍ക്ക് രൂപം കൊടുക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ജോസിനെ ഉടന്‍ ഘടകകക്ഷിയാക്കുന്നതില്‍ സിപിഐക്ക് യോജിപ്പില്ല. കാഞ്ഞിരപ്പള്ളി സീറ്റ് നല്‍കുന്നതിലും എതിരഭിപ്രായമാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം മുന്നണി പ്രവേശനം മതിയെന്ന നിലപാടാണ് സിപിഐക്കുള്ളത്. എന്നാല്‍ ജോസിനെ എത്രയും പെട്ടെന്ന് മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സിപിഎം നിലപാട്. ഇന്നലെ നടന്ന സിപിഎം-സിപിഐ ചര്‍ച്ചയില്‍ ഇക്കാര്യമായിരുന്നു അജണ്ട. ഇക്കാര്യത്തില്‍ മുന്നണിയിലെ കക്ഷികളുടെ കൂടി അഭിപ്രായമറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം.

Related Articles

Back to top button