തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. വിദേശ സംഭാവന നിയമം സംസ്ഥാന സര്‍ക്കാരിന് ബാധകമല്ലെന്നാണ് വാദം. നേരിട്ടു വിദേശ സംഭാവന സ്വീകരിച്ചില്ലെന്നത് ഹൈക്കോടതി പരിഗണിച്ചില്ല. സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശ സംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനാക്കുറ്റം തുടങ്ങിയവ പ്രകാരമാണു സിബിഐ കേസെടുത്തത്.
ലൈഫ് മിഷന് സംബന്ധിച്ച് ശരിയായ അന്വേഷണം നടന്നാല്‍ സര്‍ക്കാരിലെ ഉന്നതര്‍ക്ക് വിലങ്ങു വീഴുമെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ലെന്ന് ഹൈക്കോടതി പറഞ്ഞുവെന്നും ലൈഫ് പദ്ധതിയില്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലെന്നും മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു.
പാവപ്പെട്ടവരെ മുന്‍നിര്‍ത്തി നടന്ന കൊടിയ അഴിമതിയാണ് ലൈഫ് മിഷന് എന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.