ന്യൂഡല്‍ഹി: ലൈഫ് മിഷന് പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചേക്കും. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. ക്രിമിനല്‍ നടപടിചട്ടം 482 പ്രകാരം നല്കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടത് സുപ്രീം കോടതിയിലാണെന്നാണ് കേരളത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
ഹൈക്കോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവരുമായാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രിമിനല്‍ നടപടി ചട്ടത്തിലെ 482 ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അതിനാല്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് ഡിവിഷന് ബെഞ്ചിനെ സമീപിക്കാന്‍ കഴിയില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷകര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
അതേസമയം, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിടാക് ഭരണഘടനയുടെ അനുച്ഛേദം 226 പ്രകാരമാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. അതിനാല്‍ യുണിടാക്കിന് സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന് ബെഞ്ചിനെ സമീപിക്കാവുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെയും യൂണിടാക്കിന്റെയും ഹര്‍ജികളില്‍ ഹൈക്കോടതി ഒറ്റ ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. നേരിട്ട് സുപ്രീം കോടതിയില്‍ എത്തുന്നതിന് പകരം ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ യൂണിടാക് നല്കുന്ന ഹര്‍ജിയില്‍ ഹാജരായി സിബിഐ അന്വേഷണത്തിന് എതിരായ നിലപാട് സ്വീകരിച്ചാല്‍ മതിയെന്ന അഭിപ്രായവും സര്‍ക്കാരിലെ ചില ഉന്നതര്‍ക്കുണ്ട്.
കേസ് അന്വേഷണത്തിന്റെ തുടര്‍ നടപടികളിലേക്ക് സിബിഐ ഉടന്‍ കടന്നേക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതിനാല്‍ അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വൈകില്ല.