BREAKING NEWSKERALA

സിബിഐ കേസെടുത്തതിനു പിന്നാലെ ലൈഫ് മിഷന്‍ രേഖകള്‍ വിജിലന്‍സിന്റെ കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ടോടെ സെക്രട്ടേറിയേറ്റിലെത്തിയ വിജിലന്‍സ് അന്വേഷണ സംഘം തദ്ദേശ സ്വയംഭരണ വകുപ്പില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇവിടെ നിന്ന് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കസ്റ്റഡിയിലെടുത്തത്.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്ത് പരിശോധന തുടങ്ങിയതിന് പിന്നാലെയായിരുന്നു വിജിലന്‍സ് സംഘം തദ്ദേശ സ്വയംഭരണ വകുപ്പ് ഓഫീസിലെത്തി പരിശോധന തുടങ്ങിയത്. പദ്ധതിയുടെ രേഖകള്‍ വിവാരാവകാശപ്രകാരം ചോദിച്ചവര്‍ക്ക് തദ്ദേശവകുപ്പ് ഇതുവരെ നല്‍കിയിട്ടില്ല. പകര്‍പ്പുകള്‍ നല്‍കാന്‍ പണമടച്ചുവെങ്കിലും ഇതുവരെയും കരാറിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ഇതിനിടയിലാണ് രേഖകള്‍ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തത്. പദ്ധതിക്ക് കേന്ദ്രാനുമതി വാങ്ങാതെ കരാറിലേര്‍പ്പെടുന്നത് നിയമവകുപ്പ് എതിര്‍ത്തിരുന്നു. നിയമോപദേശവും ധാരണാപത്രത്തിന്റെ കരടും കസ്റ്റഡിയിലെടുത്തു. ഈ രേഖകള്‍ സിബിഐക്ക് ഇനി വിജിലന്‍സില്‍ നിന്ന് മാത്രമേ കിട്ടൂ.
വടക്കാഞ്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്. എറണാകുളം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. യുണിടാക് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പന്‍, സെയ്ന്‍ വെഞ്ച്വേര്‍സ്, ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതര്‍ക്കും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷന്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫോറിന്‍ കോണ്‍ ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. പിന്നാലെ തൃശൂരിലും എറണാകുളത്തും സിബിഐ പരിശോധന നടത്തി. യൂണിടാക് ബില്‍ഡേഴ്‌സിന്റെ ഓഫീസിലും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്തെ ലൈഫ് മിഷന്‍ ഓഫീസിലും അടുത്ത് തന്നെ സിബിഐ പരിശോധന നടത്തുമെന്നാണ് വിവരം. സ്വര്‍ണക്കടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ വന്‍ പ്രതിരോധത്തിലാക്കുന്നതാണ് ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.
സിബിഐ അന്വേഷണം ആരംഭിച്ചത് രാഷ്ട്രീയപ്രേരിതമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് എംഎല്‍എയുടെ പരാതിയില്‍ സിബിഐ കേസെടുത്തത് അസാധാരണമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവര്‍ത്തിച്ചത്. ഈ നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപി-കോണ്‍ഗ്രസ്സ് കൂട്ട്‌കെട്ട് ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണിത്. വിവാദങ്ങളില്‍ ഏതന്വേഷണവും ആകാമെന്നാണ് സര്‍ക്കാര്‍ നിലപാട്. അഖിലേന്ത്യാ തലത്തില്‍ സിബിഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ്, കേരളത്തില്‍ സ്തുതിപാഠകരാണ്. കോണ്‍ഗ്രസ്മുസ്ലിം ലീഗ് നേതാക്കള്‍ പ്രതികളായ ടൈറ്റാനിയം, മാറാട് കലാപ കേസുകള്‍ സിബിഐ ഏറ്റെടുക്കാത്തത് ബിജെപികോണ്‍ഗ്രസ് സഖ്യത്തിന്റെ തീരുമാനപ്രകാരമാണെന്നും സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി.

Related Articles

Back to top button