തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും അന്വേഷണ പരിധിയില്‍. അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയില്‍ നിന്നും മന്ത്രിമാരില്‍ നിന്നും സിബിഐ വിവരങ്ങള്‍ തേടും. ലൈഫ് മിഷന് കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും അതിനാല്‍തന്നെ ലൈഫ് മിഷന് ചുമതലക്കാര്‍ അന്വേഷണപരിധിയില്‍ വരുമെന്നുമാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നത്. നേരിട്ട് വിദേശ ഫണ്ട് സ്വീകരിച്ചില്ല എന്ന സര്‍ക്കാരിന്റെ വാദം നിലനില്‍ക്കില്ലെന്നാണ് സിബിഐയുടെ എഫ്ഐആര്‍ വ്യക്തമാക്കുന്നത്.
മൂന്നാമത്തെ പ്രതികളുടെ പട്ടികയിലാണ് ലൈഫ് മിഷന്റെ ‘അണ്‍നോണ്‍ ഒഫീഷ്യല്‍സ്’ എന്ന് ചേര്‍ത്തിരിക്കുന്നത്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഭാരവാഹികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കേണ്ടിവരും. എന്നാല്‍ പ്രതിപ്പട്ടികയിലേക്ക് ആരൊക്കെ വരുമെന്ന് പറയാനാകില്ല.
അണ്‍നോണ്‍ ഒഫീഷ്യല്‍സ് എന്നത് ലൈഫ് മിഷന്റെ ഏറ്റവും സുപ്രധാനമായ ചുമതല വഹിക്കുന്നവരും നേരിട്ട് ഇടപാടുകള്‍ നടത്തിയിട്ടുള്ളവരുമാണ്. ലൈഫ് മിഷന്റെ ചെയര്‍മാനായ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ ഇതിന്റെ അന്വേഷണ പരിധിയിലേക്ക് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ വരുമെന്നും ഇവരില്‍ നിന്നടക്കം വരും ദിവസങ്ങളില്‍ സിബിഐയ്ക്ക് വിവരങ്ങള്‍ തേടേണ്ടിവരുമെന്നുമാണ് സൂചന.
സര്‍ക്കാരാണ് കരാറിലെ രണ്ടാം കക്ഷി. മാത്രമല്ല ആദ്യം ധാരണാപത്രം ഒപ്പുവെച്ചത് ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലാണ്. പിന്നീടാണ് പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലേക്ക് കാര്യങ്ങളിലേയ്ക്ക് പോകുന്നത്. ഇതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയിട്ടുള്ള അന്വേഷണങ്ങളുടെ വിശദാംശങ്ങളടക്കം സിബിഐ ശേഖരിച്ചിട്ടുണ്ട്.
20 കോടിയുടെ പദ്ധതിയില്‍ നാലര കോടിരൂപ കമ്മീഷന് ഇനത്തില്‍ ലഭിച്ചു. അതില്‍ സ്വപ്നയ്ക്ക് പണം ലഭിച്ചിരുന്നു. സന്ദീപിന്റെ കമ്പനിയിലേക്ക് പണം പോയിട്ടുണ്ടെന്നും യുണിടാക് കമ്പനി ഉടമ നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.