തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന് ഇടപാടില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പദ്ധതിയുടെ മുന്‍ കണ്‍സല്‍ട്ടന്റായ ഹാബിറ്റാറ്റ് ചെയര്മാന് ജി ശങ്കര്‍. ലൈഫ് മിഷന് ആവശ്യപ്പെട്ടതനുസരിച്ച് ചെലവ് ചുരുക്കി പദ്ധതി രേഖ പുതുക്കുന്നതിനിടെ പദ്ധതി നിര്‍ത്തുകയാണെന്ന് അറിയിച്ചെന്ന് ശങ്കര്‍ പറഞ്ഞു. സ്പോണ്സര് പിന്മാറിയെന്നാണ് തെറ്റിദ്ധരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
എങ്ങിനെ ഹാബിറ്റാറ്റ് നല്കിയ പദ്ധതി രേഖ ഒഴിവാക്കി യൂണിടാക് രംഗത്തെത്തി എന്നതായിരുന്നു ലൈഫ് ഇടപാടിലെ ഏറ്റവും പ്രധാന ചോദ്യം. വിവരാവകാശ നിയമപ്രകാരം ലഭിച്ച ഫയലുകളിലൊന്നും ഇതിനുള്ള കാരണം ലൈഫ് മിഷന് പറയുന്നില്ല. പ്രൊജക്ട് മാനേജ്മെന്റ് കണ്‍സല്‍ട്ടന്റ് എന്ന നിലക്കാണ് 234 യൂണിറ്റുള്ള 32 കോടിയുടെ പദ്ധതി തയ്യാറാക്കിയത്. തുക കുറക്കാന്‍ ലൈഫ് മിഷന് ആവശ്യപ്പെട്ടത് അനുസരിച്ച് പിന്നീട് 203 യൂണിറ്റുള്ള 27.50 കോടിയുടെ പദ്ധതിരേഖ നല്കി. സ്പോണ്സര് നല്കുന്ന സാമ്പത്തിക സഹായത്തിന് അനുസരിച്ച് 15 കോടിയില്‍ താഴെ ചെലവ് ചുരുക്കാനാവശ്യപ്പെട്ടു. ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള ധാരണപത്രത്തിന് ശേഷം ജൂലൈ 18നാണ് കത്തിലൂടെ യുവി ജോസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
‘യൂണിടാക്കിനെ കുറിച്ച് അറിയില്ല. ഹാബിറ്റാറ്റ് നല്കിയ പദ്ധതി രേഖയില്‍ യൂണിടാക്ക് എന്ത് മാറ്റം വരുത്തി എന്നും വ്യക്തമല്ല. പദ്ധതി നിര്‍ത്തി എന്നറയിച്ചതിന് പിന്നാലെ പല കാരണങ്ങളാല്‍ കഴിഞ്ഞ ഒക്ടോബറോടെ ഹാബിറ്റാറ്റ് ലൈഫ് മിഷന്റെ കണ്‍സല്‍ട്ടന്‍സി പദവി തന്നെ ഒഴിഞ്ഞു.’ വന്‍തുക ക്വോട്ട് ചെയ്തത് കൊണ്ട് ഹാബിറ്റാറ്റിനെ ഒഴിവാക്കി കുറഞ്ഞ തുക നിര്‍ദ്ദേശിച്ച യൂണിടാക്കിനെ സ്വീകരിച്ചെന്ന വാദമാണ് ശങ്കറിന്റെ വിശദീകരണത്തോടെ പൊളിയുന്നത്.