BREAKING NEWSKERALA

ലൈഫ് മിഷന്‍ ഇടപാടില്‍ സന്തോഷ് ഈപ്പന്‍ വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചെന്നു കോടതി

കൊച്ചി: ലൈഫ് മിഷന്‍ കേസിലെ ഹൈക്കോടതി വിധിയുടെ വിശാദാംശങ്ങള്‍ പുറത്തെത്തി. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ വിദേശ സഹായ നിയന്ത്രണ നിയമം(എഫ്.സി.ആര്‍.എ.) ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയത് എഫ്.സി.ആര്‍.എ. നിയമത്തിന്റെ ലംഘനമാണ്. ലൈഫ് മിഷന്‍ നേരിട്ട് പണം ഇടപാടില്‍ പങ്കാളിയല്ലാത്തതിനാലാണ് സി.ബി.ഐ. അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിക്കുന്നതെന്നും കോടതി പറഞ്ഞു.
ലൈഫ് മിഷന്‍ എഫ്.സി.ആര്‍.എ. നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസിന്റെ ഹര്‍ജിയിലാണ് സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി രണ്ടു മാസത്തെ സ്‌റ്റേ നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ പറഞ്ഞു. ലൈഫ് മിഷന്‍ നേരിട്ട് പണം വാങ്ങിയതായി കണ്ടെത്തിയിട്ടില്ലെന്ന് കോടതി ഉത്തരവില്‍ എടുത്തു പറയുന്നുണ്ട്. അതുകൊണ്ട് എഫ്.സി.ആര്‍.എ. നിയമത്തിന്റെ പരിധിയില്‍ ലൈഫ് മിഷന്‍ വരില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
അതേസമയം യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്നും കോടതി പറയുന്നു. വിദേശ ഫണ്ടാണ് എന്നറിഞ്ഞിട്ടും സന്തോഷ് ഈപ്പന്‍, ഉദ്യോഗസ്ഥര്‍ക്കും മറ്റും വിഹിതം നല്‍കിയത് എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനമാണെന്നും ഇപ്പോള്‍ സന്തോഷ് ഈപ്പനും യൂണിടാക്കിനും എതിരെ നടക്കുന്ന അന്വേഷണത്തില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.
ലൈഫ് മിഷന് എതിരായ അന്വേഷണം സ്റ്റേ ചെയ്തതോടെ സിബിഐക്ക് യൂണിടാക്കിനെ മാത്രം കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാവില്ല. അതുപോലെ തന്നെ സിബിഐയുടെ എഫ്‌ഐആര്‍ നിലനില്‍ക്കുന്നത് വിജിലന്‍സ് അന്വേഷണത്തെ ബാധിക്കുകയും ചെയ്യും.

Related Articles

Back to top button