BREAKING NEWSKERALA

ലൈഫ് പദ്ധതി; റെഡ്‌ക്രെസന്റിനെ തിരഞ്ഞെടുത്തതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ ഭവനനിര്‍മാണത്തിന് റെഡ് ക്രസന്റിനെ ഏല്‍പ്പിച്ച നടപടി വിവാദമായ പഞ്ചാത്തലത്തില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘വേണ്ടത് വിവാദമല്ല വികസനം’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിശദീകരണം.
ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ ആഗോള മുദ്രയായ റെഡ്ക്രസന്റ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ അവരുടെ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതി വടക്കാഞ്ചേരിയില്‍ നടപ്പാക്കിവരികയാണ്. വീട് നിര്‍മിക്കാനുള്ള ഏജന്‍സിയെ നിര്‍ണയിച്ചതില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ല. റെഡ്ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണെന്ന് കോടിയേരി ലേഖനത്തില്‍ പറയുന്നു.
റെഡ്ക്രസന്റിന്റെ കാരുണ്യ പദ്ധതിയെ അപകീര്‍ത്തിപ്പെടുത്തിയിട്ടായാലും വേണ്ടില്ല സര്‍ക്കാരിനുമേല്‍ കരിതേച്ചാല്‍ മതിയെന്ന ചിന്തയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും പ്രതിപക്ഷവുമെന്നും കോടിയേരി ആരോപിക്കുന്നു.
ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍
നിയമസഭ, പ്രാദേശിക തെരഞ്ഞെടുപ്പുകളിലേക്ക് സംസ്ഥാനം കടക്കുന്ന വേളയില്‍ ഇതിന് പ്രസക്തി ഏറെയാണ്. വികസനത്തിന് വഴിതെളിക്കുന്ന എല്‍ഡിഎഫ് വേണോ വഴി മുടക്കുന്ന യുഡിഎഫ് ബിജെപി വേണോ എന്നതാണ് ചോദ്യം. നാടിന് ആവശ്യം വിവാദമല്ല, വികസനമാണ്. ഈ ഒരു വികാരത്തിലേക്ക് കേരളസമൂഹമാകെ വൈകാതെ എത്തും.
വന്‍കിട സംരംഭങ്ങള്‍ സമ്പൂര്‍ണമായി യാഥാര്‍ഥ്യമാക്കാന്‍ വരുംനാളുകള്‍കൂടി ആവശ്യമാണ്. നാലേകാല്‍ വര്‍ഷം പിന്നിടുന്ന ഈ സര്‍ക്കാര്‍ പുതിയ കേരളത്തിന്റെ സുപ്രധാനനാഴികക്കല്ലുകളാണ് നാട്ടിയിരിക്കുന്നത്.
2016 മേയില്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍, അതിന് മുമ്പുള്ള സര്‍ക്കാരുകള്‍ കൈവരിച്ച നേട്ടങ്ങളെ സംരക്ഷിച്ചും ദൗര്‍ബല്യങ്ങള്‍ പരിഹരിച്ചുമാണ് നവകേരള സൃഷ്ടിക്കായി മുന്നോട്ടുപോകുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ കേരളത്തെ ഒറ്റക്കെട്ടായി അണിനിരത്താന്‍ സര്‍ക്കാരിനായി. കോവിഡ്19 എന്ന മഹാമാരിയെ നിയന്ത്രിക്കുന്നതിലും കാര്യക്ഷമമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്.
കെയിന്‍സിന്റെ മുതലാളിത്തസിദ്ധാന്തമാണോ ട്രംപിന്റെ അമേരിക്കന്‍ മോഡലാണോ ചൈനയുടെ വഴിയാണോ എന്നെല്ലാമുള്ള അക്കാദമിക് ചര്‍ച്ചകളില്‍പ്പോലും കേരളമാതൃക പരിഗണിക്കപ്പെടുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും ആര്‍എസ്എസ് നയിക്കുന്ന ബിജെപിയും. ഇവരുടെ മുദ്രാവാക്യം വികസനം മുരടിച്ചാലും വേണ്ടില്ല, വിവാദം വളര്‍ത്തി എല്‍ഡിഎഫ് ഭരണത്തെ ദുര്‍ബലപ്പെടുത്തണം എന്നതാണ്.
ബിജെപി, കോണ്‍ഗ്രസ്, മുസ്ലിംലീഗ് സംയുക്ത പ്രതിപക്ഷത്തിന്റെ വിവാദ വ്യവസായത്തിന്റെ ഉല്‍പ്പന്നങ്ങള്‍ അവര്‍ക്കു നേരെതന്നെ പാഞ്ഞടുക്കുന്നഗതികിട്ടാ പ്രേതങ്ങളായി മാറുന്നുണ്ട്. തമിഴ് സഹോദരന്മാരെ മലയാളികള്‍ക്കെതിരായി തിരിച്ചുവിടുന്ന നടപടിയാണ് അവരില്‍ നിന്നുണ്ടായത്.
പ്രളയദുരന്തത്തില്‍പ്പെട്ടവരുള്‍പ്പെടെയുള്ള ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതി ഏറ്റവും പ്രശംസാര്‍ഹമായതാണ്.
ഹിന്ദുത്വ ശക്തികളും പിന്തിരിപ്പന്‍മാരും നവ ഉദാരവല്‍ക്കരണക്കാരും ഇന്ത്യയില്‍ സൃഷ്ടിച്ചിരിക്കുന്ന ഇരുട്ടിനുള്ളില്‍ പ്രകാശിക്കുന്ന നിറദീപമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker