BREAKINGNATIONAL

രണ്ട് നില പിന്നിട്ട ശേഷം ലിഫ്റ്റ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗുരുഗ്രാം: അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ ലിഫ്റ്റ് താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഗുരുഗ്രാം സെക്ടര്‍ 84ലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ബഹുനില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍ നിന്നാണ് യുവതി ലിഫ്റ്റില്‍ കയറിയത്. താഴെ നിലയിലേക്കാണ് പോകേണ്ടിയിരുന്നത്. ബട്ടണ്‍ അമര്‍ത്തി ലിഫ്റ്റ് താഴേക്ക് വരുന്നതിനിടെ ഒന്നു രണ്ട് നിലകള്‍ കഴിഞ്ഞ ശേഷം ലിഫ്റ്റ് നിയന്ത്രണം വിട്ട് നേരെ അതിവേഗത്തില്‍ താഴേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റ് ഏറ്റവും താഴേക്ക് പതിച്ചെങ്കിലും യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിന് ശേഷം അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ സ്ഥലത്തു തടിച്ചുകൂടി. ഇവര്‍ പിന്നീട് ഖേര്‍കി ദൗല പൊലീസ് സ്റ്റേഷനിലെത്തി കെട്ടിടം നിര്‍മിച്ച ബില്‍ഡര്‍ക്കും മെയിന്റനന്‍സ് ഏജന്‍സിക്കുമെതിരെ പരാതി നല്‍കി. എല്ലാ വര്‍ഷം ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും എന്നാല്‍ ഈ വര്‍ഷം ജൂണ്‍ 15ന് മുമ്പ് നടക്കേണ്ട പരിശോധന ഇതുവരെ നടത്തിയിട്ടില്ലെന്നും താമസക്കാര്‍ ആരോപിച്ചു. കെട്ടിടത്തില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവന്‍ വെച്ചുള്ള കളിയാണ് നടക്കുന്നതെന്നും അവര്‍ പരാതിയില്‍ ഉന്നയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button