വാഷിങ്ടന്‍: വിഷം കുത്തിവച്ചു യുഎസ് വനിത ലിസ മറീ മോണ്ട്ഗോമറിയെ വധശിക്ഷയ്ക്കു വിധേയയാകാനുള്ള ഉത്തരവിന് സ്റ്റേ. ലിസയുടെ മാനസികനില നിര്‍ണയിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ജഡ്ജി പാട്രിക് ഹാന്‍ലോന്‍ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത്. ഇന്ത്യാനയിലെ ടെറെ ഹോടിലുള്ള ഫെഡറല്‍ കറക്ഷണന്‍ കോംപ്ലക്സില്‍ ഇന്നലെ ശിക്ഷ നടപ്പാക്കാനിരിക്കെയാണ് സ്റ്റേ ഉത്തരവ് വന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ലിസയുടെ ശിക്ഷ തടയാന്‍ ഇന്ത്യാനയിലെ കോടതിയില്‍ അവരുടെ അഭിഭാഷകര്‍ 7000 പേജുള്ള ദയാഹര്‍ജി നല്‍കിയിരുന്നു.
ഓണ്‍ലൈന്‍ ചാറ്റിലൂടെ പരിചയപ്പെട്ട ഗര്‍ഭിണിയായ ബോബി ജോ സ്റ്റിന്നെറ്റിനെ (23), 2004 ഡിസംബര്‍ 16ന് അവരുടെ വീട്ടില്‍ കടന്നുകയറി ശ്വാസം മുട്ടിച്ചുകൊന്ന ശേഷം വയര്‍ കീറി എട്ടു മാസം പ്രായമായ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത കുറ്റത്തിനാണു ലിസ മോണ്ട്ഗോമറിക്കു കോടതി വധശിക്ഷ വിധിച്ചത്. ഗര്‍ഭസ്ഥശിശുവുമായി രക്ഷപ്പെട്ട ലിസയെ അടുത്ത ദിവസം കാന്‍സസിലെ ഫാംഹൗസില്‍ കണ്ടെത്തി. സ്വന്തം കുഞ്ഞാണതെന്നായിരുന്നു ലിസയുടെ അവകാശവാദം. ലിസയെ അറസ്റ്റു ചെയ്ത പൊലീസ്, ഗര്‍ഭസ്ഥശിശുവിന്റെ സംരക്ഷണം പിതാവിനെ ഏല്പിച്ചു.
എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്ന ലിസയ്ക്കു മാപ്പു നല്‍കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നു. കുട്ടിക്കാലത്തു വളര്‍ത്തച്ഛന്റെയും മറ്റു പുരുഷന്മാരുടെയും ക്രൂര പീഡനത്തിനിരയായ ലിസയ്ക്ക് അക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ തലയ്ക്കു ക്ഷതമേറ്റിരുന്നു. അതിന്റെ ഫലമായി, അവള് വളര്‍ന്നപ്പോള്‍ മാനസിക ദൗര്‍ബല്യമുള്ളയാളായി. ഇതു ചൂണ്ടിക്കാട്ടിയാണ് ലിസയ്ക്കു മാപ്പു നല്‍കണമെന്ന ആവശ്യമുയര്‍ന്നത്.
68 വര്‍ഷത്തിനു ശേഷമാണ് യുഎസില്‍ വീണ്ടും ഒരു വനിതയ്ക്കു വധശിക്ഷ വിധിക്കപ്പെട്ടത്. 1953 ല്‍ ബോണി ബ്രൗണ്‍ ഹെഡിയുടെ വധശിക്ഷയാണ് യുഎസില്‍ അവസാനമായി നടപ്പാക്കിയത്. കാന്‍സസ് നഗരത്തിലെ ധനികനായ ബോബി ഗ്രീന്‍ലീസിന്റെ ബന്ധുവെന്ന വ്യാജേന സ്കൂളിലെത്തിയ ബോണി ബ്രൗണ്‍ ഹെഡി, ബോബിയുടെ ആറു വയസ്സുകാരനായ മകനെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ബോണിയും കാമുകന് കാള്‍ ഓസ്റ്റിന്‍ ഹാളും ചേര്‍ന്ന് കുട്ടിയെ വിട്ടുനല്‍കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ടു. വലിയ തുക മോചനദ്രവ്യമായി ലഭിച്ചെങ്കിലും ഇതിനോടകം കുട്ടിയെ കാള്‍ തോക്കിനിരയാക്കിയിരുന്നു. പിന്നീട് അറസ്റ്റിലായ ഇരുവരെയും വിചാരണ ചെയ്ത് വധശിക്ഷ വിധിച്ചു. തുടര്‍ന്ന് 81 ദിവസത്തിനു ശേഷം വിഷവാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കുകയായിരുന്നു.
യുഎസില്‍ ഇതുവരെ 5 വനിതകളെയാണു ഫെഡറല്‍ സംവിധാനം വധശിക്ഷയ്ക്കു വിധേയരാക്കിയിട്ടുള്ളത്. പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ കൊലപാതകത്തില്‍ ജോണ്‍ വില്‍ക്സ് ബൂത്തിനൊപ്പം കൂട്ടുപ്രതിയായിരുന്ന മേരി സുററ്റാണ് (1865 ജൂലൈ ഏഴ്) യുഎസിന്റെ ചരിത്രത്തില്‍ ആദ്യമായി വധശിക്ഷയ്ക്കു വിധേയയായ വനിത. 1890 കളില്‍ മേരി ഒ കമ്മോന്‍, കേയ്റ്റ് മക്ഷേയ്ന്‍ എന്നിവരുടെ വധശിക്ഷ നടപ്പാക്കി. ചാരക്കുറ്റം ചുമത്തപ്പെട്ട ഏഥല്‍ റോസന്‍ബര്‍ഗിനെ ഭര്‍ത്താവ് ജൂലിയസ് റോസന്‍ബര്‍ഗിനൊപ്പം 1953 ജൂണ്‍ 19ന് വധശിക്ഷയ്ക്കു വിധേയയാക്കി.