കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ച അശ്ലീല യുട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയും സംഘവും നടത്തിയ പ്രതികരണത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രശസ്ത നടി ലിസി ലക്ഷ്മി. മൂന്ന് സ്ത്രീകളുടെ ചുവടുവെപ്പ് സമൂഹത്തിനുള്ള ഒരു വലിയ ചുവടുവെപ്പായി പ്രതീക്ഷയോടെ കാണുന്നെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം, മാന്യന്മാര് എന്ന് നടിക്കുന്നവരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നും അവര്‍ പറഞ്ഞു. കുറ്റവാളിയെ ഇരയായും ഇരയെ കുറ്റവാളിയുമാക്കി മാറ്റുന്ന നിയമപാലകര്‍ കാര്യങ്ങള്‍ നന്നായി ചെയ്യുന്നെന്ന് ലിസി പരിഹസിക്കുകയും ചെയ്തു.
ലിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
‘മൂന്ന് സ്ത്രീകളുടെ ശക്തമായ ഒരു ചുവടുവെപ്പ് സമൂഹത്തിനുള്ള ഒരു വലിയ ചുവടുവെപ്പിന്റെ തുടക്കമായി പ്രതീക്ഷയോടെ കാണുന്നു. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ദരെന്ന് നടിക്കുന്നവര്‍ യുവത്വത്തിന്റെയും ദുര്‍ബലരുടെയും മനസിലേക്ക് സ്ത്രീകള്‍ക്ക് എതിരായ വിഷം കുത്തിവെയ്ക്കുകയാണ്. അവര്‍ നമ്മുടെ സമൂഹത്തിലേക്ക് വലിച്ചെറിയുന്ന അഴുക്കും മാലിന്യവും ഭൂരിപക്ഷത്തെ ബാധിക്കില്ല, എന്നാല്‍ ഇത് വളരെ ചെറുതും ശക്തവുമായ ഒരു സമൂഹത്തെ സ്വാധീനിക്കുന്നു. യു ട്യൂബിലും സോഷ്യല്‍ മീഡിയകളിലും നായകരെന്നും വഴികാട്ടികളെന്നും നടിക്കുന്ന ഇത്തരക്കാരാണ്. ഇത് നമ്മള് നിര്‍ത്തുന്നില്ലെങ്കില്‍ നമ്മുടെ സമൂഹത്തെ ഇത് ബാധിക്കുകയും ഒടുവില്‍ നശിപ്പിക്കുകയും ചെയ്യും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ നമ്മുടെ നിയമസംവിധാനം പരാജയപ്പെടുകയും നടപടി എടുക്കുന്നതിന് എതിരെ കണ്ണടയ്ക്കുകയുമാണ്. ഈ പശ്ചാത്തലത്തില്‍ നിയമം ലംഘിക്കുന്നതിനോട് യോജിക്കുന്നില്ലെങ്കിലും ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ്തത് അഭിനന്ദനാര്‍ഹമാണ്.
അവര്‍ ഈ വിഷയം സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. സര്‍ക്കാര്‍ ഇത് ഗൗരവമായി എടുക്കുമെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ പ്രതീക്ഷിക്കുന്നു.
നോട്ട്: ഒരു തരം കുറ്റവാളികളായ ആളുകളാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്ന് വിചാരിക്കരുത്. എന്റെ അനുഭവത്തില്‍ മാന്യന്മാര് എന്ന് നടിക്കുന്നവരും ഇത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇരയെ കുറ്റവാളിയും കുറ്റവാളിയെ ഇരയായും മാറ്റുന്ന മാജിക്കുകാരായ നിയമപാലകള്‍ കാര്യങ്ങള്‍ നന്നായി ചെയ്യുന്നു. വാട്ട് ആന്‍ ഐഡിയ സെര്‍ജി…’
അശ്ലീല യു ട്യൂബര്‍ വിജയ് പി നായരെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇയാള്‍ക്കെതിരെ ഭാഗ്യലക്ഷ്മിയും സംഘവും കേസ് നല്കി ഏറെനേരം കഴിഞ്ഞതിനു ശേഷമാണ് യുട്യൂബര്‍ ഇവര്‍ക്കെതിരെ കേസ് നല്‍കിയത്. അതേസമയം, വിജയ് പി നായര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയായിരുന്നു ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടെ ഇയാള്‍ക്കെതിരെ വീണ്ടും പരാതി ലഭിച്ചു. യു ട്യൂബ് വീഡിയോകളിലൂടെ സൈനികരെ അപമാനിച്ചെന്ന് കാണിച്ചാണ് ഇയാള്‍ക്കെതിരെ പരാതി. തലസ്ഥാനം ആസ്ഥാനമായുള്ള സൈനികരുടെ സംഘടന വീഡിയോ ഉള്‍പ്പെടെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി.