BREAKING NEWSKERALA

സംസ്ഥാനമാകെ നിരോധനാജ്ഞ; കൂട്ടംകൂടിയാല്‍ പിടിവീഴും

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ കടുത്ത നിയന്ത്രണം. എല്ലാ ജില്ലകളിലും കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഒക്ടോബര്‍ 31 വരെയാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. 144 പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും. പ്രഖ്യാപിച്ച പരീക്ഷകള്‍ക്കും തടസമില്ല.
കണ്‍ടെയ്ന്‍മെന്റ് സോണിന് പുറത്തേക്ക് അനാവശ്യ യാത്രകള്‍ പാടില്ല. മരണാനന്തര ചടങ്ങുകള്‍, വിവാഹം തുടങ്ങിയവയ്ക്ക് കര്‍ശനമായ വ്യവസ്ഥകളോട് കൂടി ആളുകള്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും വിവാഹത്തിന് 50 പേര്‍ക്കും പങ്കെടുക്കാം. തിരുവനന്തപുരത്ത് കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹത്തിന് 20 പേര്‍ക്ക് മാത്രമേ അനുമതിയുളളൂ. സര്‍ക്കാര്‍, മത രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല.
പൊതുസ്ഥലത്ത് ആള്‍കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വെള്ളിയാഴ്ച നാല് ജില്ലകളില്‍ ആയിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാതെ തന്നെ ആള്‍ക്കൂട്ടം ഒഴിവാക്കാനും സമ്പര്‍ക്ക വ്യാപനം തടയാനും ഉദ്ദേശിച്ചാണ് നടപടികള്‍.

തിരുവനന്തപുരത്തെ നിയന്ത്രണങ്ങള്‍:
പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ സ്വമേധയാ കൂട്ടംകൂടുന്നത് നിരോധിച്ചു. സിആര്‍പിസി 144 പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. ശനിയാഴ്ച (ഒക്ടോബര്‍ 3) രാവിലെ ഒന്‍പതു മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്‌ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. ഈ പ്രദേശങ്ങളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പരിപാടികള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പലചരക്ക്, മരുന്ന്, പാല്‍, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണവും റവന്യു, ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യസര്‍വീസുകള്‍ അനുവദിക്കും. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയ്‌ക്കൊഴികെ ആളുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പുറത്തേക്കു പോകുന്നത് കര്‍ശനമായി നിയന്ത്രിക്കും. ഇതിനാവശ്യമായ നിയന്ത്രണ സംവിധാനങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തണം.
കണ്ടെയ്ന്‍മെന്റ് സോണിനു പുറത്ത് അഞ്ചു പേരില്‍ കൂടുതലുള്ള പൊതു പരിപാടികളോ കൂട്ടം ചേരലുകളോ അനുവദിക്കില്ല. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകള്‍ എന്നിവയ്ക്കുള്ള ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കും ശവസംസ്‌കാര ചടങ്ങുകള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്ത് പരമാവധി 50 പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകള്‍ നടത്താം.
എന്നാല്‍ പങ്കെടുക്കുന്ന എല്ലാപേരും സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത ഇടങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ചും മാത്രമേ അനുവദിക്കൂ. പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവ സാമൂഹിക അകലം, ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോളുകള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
ഒക്ടോബര്‍ രണ്ടിനു മുമ്പ് പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചതനുസരിച്ച് നടത്താം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായും പാലിക്കണം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ. എല്ലാ ബാങ്കുകളും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. ബാങ്കുകള്‍, കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്‍പില്‍ ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുത്. കഴിയുന്നതും വീടുകളില്‍ത്തന്നെ കഴിയണമെന്നും തിരുവനന്തപുരം കലക്ടര്‍ അറിയിച്ചു.

മറ്റു ജില്ലകളിലെ നിയന്ത്രണങ്ങള്‍:
1. വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കു
2. സാംസ്‌കാരിക പരിപാടികള്‍, സര്‍ക്കാര്‍ നടത്തുന്ന പൊതു പരിപാടികള്‍,രാഷ്ട്രിയ, മത ചടങ്ങുകള്‍,തുടങ്ങിയവയില്‍ പരമാവധി 20 പേരെ മാത്രമേ അനുവദിക്കു
3. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, ഓഫിസുകള്‍, കടകള്‍, റസ്റ്റോറന്റുകള്‍, ജോലിയിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രേക്ക് ദ ചെയിന്‍ നിര്‍ദേശങ്ങള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താന്‍ പാടുള്ളു.
4.ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍അധികം കൂട്ടം കൂടാന്‍ പാടില്ല

Related Articles

Back to top button