കൊല്ലം : ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ, വിവാദമായ ലോഗോ ശ്രീലങ്കന്‍ കമ്പനിയുടേതിന്റെ തനിപ്പകര്‍പ്പെന്ന് ആരോപണം. ശ്രീലങ്കയിലെ വിവാഹ ഫാഷന്‍ ഉത്പന്ന കമ്പനിയായ ഹെല്ലിയോസിന്റെ ലോഗോയുമായി സര്‍വകലാശാലാ ലോഗോയ്ക്ക് സാദൃശ്യമുണ്ട്.
ലോഗോ വിവാദത്തിന് പുതിയമാനം നല്കുന്ന ആരോപണം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. കലാസംവിധായകനും ഡിസൈനറുമായ സജീവ് എസ്.എസ്., രണ്ട് ലോഗോയും ചേര്‍ത്ത് ട്വിറ്ററിലും ഫെയ്സ്ബുക്കിലും കുറിപ്പിട്ടിട്ടുണ്ട്. ഹെല്ലിയോസിന്റെ ലോഗോയില്‍ ഓറഞ്ച്, പച്ച, പര്‍പ്പിള്‍ നിറങ്ങളിലെ മൂന്നുവൃത്തങ്ങള്കൂടി ഉള്‍പ്പെടുത്തുകയായിരുന്നെന്ന് സജീവ് ആരോപിക്കുന്നു.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ, കഴിഞ്ഞയാഴ്ച പ്രകാശനം ചെയ്ത ലോഗോയില്‍ ഗുരുവിനെ ഉള്‍പ്പെടുത്താതിരുന്നത് വിവാദമായിരിക്കുകയാണ്. വിവിധ സംഘടനകളും സാംസ്കാരികപ്രവര്‍ത്തകരും ലോഗോയ്ക്കെതിരേ രംഗത്തെത്തുകയും ചെയ്തു. വാശി കാണിക്കാതെ, സര്‍വകലാശാലയുടെ ലോഗോ മാറ്റണമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഗുരു മുന്നോട്ടുെവച്ച മാനവികതയുടെ സത്ത നിറങ്ങളിലൂടെയും ജാമിതീയരൂപങ്ങളിലൂടെയും ലോഗോയില്‍ നിര്വചിച്ചിരിക്കുകയാണെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.