BREAKINGNATIONAL
Trending

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും, പാര്‍ലമെന്റ് പ്രക്ഷുബ്ദമായേക്കും

ദില്ലി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. പരീക്ഷ പേപ്പര്‍ ചോര്‍ച്ച, ഓഹരി വില കുംഭകോണം തുടങ്ങിയ വിവാദങ്ങളില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ദമാകാനാണ് സാധ്യത. ലോക്‌സഭ സ്പീക്കറെയും പ്രതിപക്ഷ നേതാവിനെയും കുറിച്ചുള്ള തീരുമാനം ഉടന്‍ വന്നേക്കും.പുതിയ കാഴ്ചകള്‍ തയ്യാറെടുക്കുകയാണ് പാര്‍ലമെന്റ്. കേവല ഭൂരിപക്ഷം ഇല്ലാത്ത ബിജെപി എന്‍ഡിഎ ഘടകക്ഷികളുടെ പിന്തുണയോടെയാണ് മൂന്നാം തവണയും അധികാരത്തില്‍ എത്തിയിരിക്കുന്നത്.
ഭരണം നേടാന്‍ കഴിയാതെ പോയ പ്രതിപക്ഷം പക്ഷെ ശക്തരായാണ് ഇത്തവണ പാര്‍ലമെന്റില്‍ തിരിച്ചെത്തിയിരിക്കുന്നത്. നാളെ തുടങ്ങുന്ന ലോക്‌സഭ സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. ആദ്യം പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നാല് മണിയോടെയാണ് കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക.
തുടക്കം തന്നെ നീറ്റ്, നെറ്റ്, ഓഹരി വിപണിയിലെ ചാഞ്ചാട്ട വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. നീറ്റ് നെറ്റ് വിഷയങ്ങള്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി ലോക്‌സഭയില്‍ നോട്ടീസ് നല്‍കും.
പ്രോടേം സ്പീക്കര്‍ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞതും ഇന്ത്യ സഖ്യം സഭയില്‍ ഉന്നയിക്കും. എട്ട് തവണ എംപിയായ കൊടിക്കുന്നിലിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ നിന്ന് അംഗങ്ങളായ ഇന്ത്യ സഖ്യ എംപിമാരും പിന്‍മാറും. അതേസമയം, ബുധനാഴ്ച സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ആരാകും എന്നതില്‍ ബിജെപി മൗനം പാലിക്കുകയാണ്. രാഹുല്‍ഗാന്ധി പ്രതിപക്ഷം നേതാവാകുന്നതിലും ഉടന്‍ തന്നെ തീരുമാനമുണ്ടായേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button