BREAKING NEWSKERALALATEST

കോവിഡ് ബാധിക്കാതെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ലോട്ടറിക്ക് നൂറുമേനി വില്പന

തിരുവനന്തപുരം: ഓണം ബമ്പറിനു പിന്നാലെ കോവിഡ് ബാധിക്കാതെ ക്രിസ്മസ്-പുതുവത്സര ബമ്പറും. 12 കോടി രൂപ ഒന്നാംസമ്മാനമുള്ള ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ വില്പനയില്‍ 102 കോടിയുടെ വിറ്റുവരവ്. അച്ചടിച്ച 34 ലക്ഷം ടിക്കറ്റുകളും വിറ്റു. ഞായറാഴ്ചയാണ് ഇതിന്റെ നറുക്കെടുപ്പ്. ഓണം ബമ്പര്‍ ഇക്കുറി 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 132 കോടി രൂപയായിരുന്നു വിറ്റുവരവ്. ഈ രണ്ടു ലോട്ടറിയുമൊഴികെ കഴിഞ്ഞവര്‍ഷമിറങ്ങിയ എല്ലാ ബമ്പര്‍ ടിക്കറ്റുകളെയും കോവിഡ് കാലം കാര്യമായി ബാധിച്ചു. മറ്റ് ബമ്പര്‍ ടിക്കറ്റുകളെ അപേക്ഷിച്ച് 50 ശതമാനത്തോളം കൂടുതലാണ് ഓണം, ക്രിസ്മസ് ബമ്പര്‍ ടിക്കറ്റിന്റെ വില. എന്നിട്ടും, വില്പനയെ ബാധിച്ചില്ല.
മുന്‍വര്‍ഷത്തേക്കാള്‍ രണ്ടുലക്ഷം ടിക്കറ്റുകള്‍ കുറച്ചാണ് 2020ല്‍ ഈ രണ്ട് ബമ്പര്‍ ടിക്കറ്റുകളും അടിച്ചത്. ഇതുതന്നെ മുഴുവനും വിറ്റുപോകുമോയെന്ന ആശങ്ക ലോട്ടറിവകുപ്പിനുണ്ടായിരുന്നു. ഓണംബമ്പര്‍ ടിക്കറ്റ് നൂറുശതമാനം വില്‍പ്പന നടന്നതിനാലാണ് ക്രിസ്മസ്പുതുവത്സര ടിക്കറ്റുകള്‍ 34 ലക്ഷം അച്ചടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ക്രിസ്മസ്പുതുവത്സര ബമ്പര്‍ മുന്‍വര്‍ഷം 36,84,509 ടിക്കറ്റുകളും ഓണം ബമ്പര്‍ 46 ലക്ഷവുമാണ് വിറ്റത്. ആകെ വിറ്റുവരവിന്റെ 25 ശതമാനത്തോളം ഏജന്‍സി കമ്മിഷന്‍ ഇനത്തിലും 28 ശതമാനം ജി.എസ്.ടി. ഇനത്തിലും പോകും.
കോവിഡ് കാലത്തെ പ്രതികൂലാവസ്ഥയില്‍ മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റുകള്‍ 10.67 ലക്ഷം മാത്രമാണ് വിറ്റത്. നറുക്കെടുപ്പുതീയതി നീട്ടുകയും ചെയ്തു. എന്നിട്ടും പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ല. ലോക്ഡൗണ്‍ കാലമായതിനാല്‍ കഴിഞ്ഞവര്‍ഷം വിഷുബമ്പര്‍ അച്ചടിച്ചില്ല. 2020ല്‍ ആദ്യം പുറത്തിറങ്ങിയ സമ്മര്‍ ബമ്പറിനെയും കോവിഡ് കാര്യമായി ബാധിച്ചു. 2019ല്‍ 21.84 ലക്ഷം ടിക്കറ്റുകള്‍ വിറ്റിരുന്നിടത്ത് കഴിഞ്ഞ വര്‍ഷം 15 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാനേ കഴിഞ്ഞുള്ളൂ.
ഇത്തവണത്തെ സമ്മര്‍ ബമ്പര്‍ ടിക്കറ്റുകള്‍ രണ്ടുദിവസത്തിനുള്ളില്‍ വിപണിയിലെത്തും. 200 രൂപയാണ് വില. ഒന്നാംസമ്മാനം ആറുകോടി രൂപ. പ്രതിദിന ലോട്ടറിടിക്കറ്റിന്റെ വില്പനയും കോവിഡ് കാലത്തിന് മുന്‍പുള്ളതു പോലെയായി. വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസ്, ഞായറാഴ്ചത്തെ പൗര്‍ണമി ടിക്കറ്റുകള്‍ ഒഴികെ മറ്റെല്ലാ ടിക്കറ്റുകളും അച്ചടിക്കുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker