BREAKING NEWSKERALALATEST

മിസോറം ലോട്ടറി വീണ്ടും കേരളത്തിലേക്ക്, എതിര്‍പ്പ് അറിയിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഏപ്രില്‍ അഞ്ചുമുതല്‍ കേരളത്തില്‍ ലോട്ടറി വില്‍പ്പന തുടങ്ങുമെന്നറിയിച്ച് മിസോറം സര്‍ക്കാര്‍ കേരളത്തിന് കത്തുനല്‍കി. ടീസ്താ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തെ പ്രൊമോട്ടറായി നിയോഗിച്ചിട്ടുണ്ടെന്നും അറിയിച്ചു. എന്നാല്‍, ഈ നീക്കം നിയമവിരുദ്ധമാണെന്നും വില്‍പ്പനയില്‍നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ട് മിസോറം സര്‍ക്കാരിന് കത്തയച്ചതായി സംസ്ഥാനധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. മിസോറം ലോട്ടറിയുടെ മുന്‍കാല ക്രമക്കേടുകളെക്കുറിച്ച് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.
ജി.എസ്.ടി. നിയമത്തിന് കേരളസര്‍ക്കാര്‍ ഉണ്ടാക്കിയ ചട്ടങ്ങളില്‍ ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാനുള്ള ചില വ്യവസ്ഥകളുണ്ട്. സംസ്ഥാന സര്‍ക്കാരിന് വില്‍പ്പനയും നറുക്കെടുപ്പും സംബന്ധിച്ച വിശദാശംങ്ങള്‍ ആവശ്യപ്പെടാം. ഇതില്‍ ക്രമക്കേട് കണ്ടാല്‍ വില്‍പ്പന ചെറുക്കാം. ലോട്ടറി വില്‍പ്പനയ്ക്ക് തയ്യാറായി ഏജന്‍സി മുന്നോട്ടുപോയാല്‍ ഇതനുസരിച്ചുള്ള നടപടികളെടുക്കുമെന്നും ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

Related Articles

Back to top button