കൊച്ചി: അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പ്പന നിയന്ത്രിക്കുന്നതിനായി സംസ്ഥാനം കൊണ്ടുവന്ന നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തില്‍ നടപടിക്ക് കേന്ദ്രത്തിനേ അധികാരമുള്ളൂവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ലോട്ടറി വില്‍ക്കുന്നത് തടഞ്ഞത് ചോദ്യംചെയ്ത കോയമ്പത്തൂരിലെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് നല്കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണിത്. നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ലോട്ടറിയുടെ വിപണനവും വില്‍പ്പനയും തടയരുതെന്നും ഉത്തരവില്‍ പറയുന്നു.
മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറികള്‍ വില്‍ക്കുന്നത് വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. അതിന് സംസ്ഥാനം ലോട്ടറി ഫ്രീ സോണ്‍ ആയിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിയമവിരുദ്ധമായിട്ടാണ് ലോട്ടറി നടത്തുന്നതെങ്കില്‍ കേന്ദ്രത്തിനു മാത്രമേ ഇടപെടാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് നാഗാലാന്‍ഡ് ലോട്ടറികള്‍ വില്ക്കുന്നതെന്ന പരാതി കേരള സര്‍ക്കാരിനുണ്ടെങ്കില്‍ നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാം.
2005ലെ കേരള പേപ്പര്‍ ലോട്ടറീസ് നിയന്ത്രണ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയാണ് ഹര്‍ജിക്കാര്‍ ചോദ്യംചെയ്തത്. 2018 മുതലാണ് ഈ ഭേദഗതി നിലവില്‍വന്നത്. ഇതിലൂടെ അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പ്പന സര്‍ക്കാര്‍ നിയന്ത്രിക്കുകയായിരുന്നു.
1998ലെ കേന്ദ്ര നിയമപ്രകാരം ലോട്ടറിയുടെ കാര്യത്തില്‍ നിയമം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. ഈ നിയമപ്രകാരം ലോട്ടറി നടത്താനും പ്രചരിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് കഴിയും. പാര്‍ലമെന്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നതാണ് ഈ അധികാരം. അതില്‍ മറ്റൊരു സംസ്ഥാനത്തിന് ഇടപെടാനാകില്ല. അത് മറ്റൊരു സംസ്ഥാനത്തിന്റെ അധികാരത്തില്‍ ഇടപെടുന്നതിന് തുല്യമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനു മാത്രമേ ഇടപെടാന്‍ കഴിയൂവെന്നും കോടതി വ്യക്തമാക്കി.