സിറോ മലബാര്‍ സഭയില്‍ വര്‍ദ്ധിച്ചുവരുന്ന മിശ്രവിവാഹങ്ങള്‍ തടയണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികള്‍. പള്ളിയില്‍ വെച്ച് ഇതര മതസ്ഥരുമായുള്ള വിവാഹം നടത്തിക്കൊടുക്കുന്നതിനെതിരെയാണ് ഒരു വിഭാഗം രംഗത്തു വന്നിരിക്കുന്നത്. സഭയോട് അനുഭാവം പ്രകടിപ്പിക്കുന്ന ഒരു ക്രിസ്തീയ വാര്‍ത്താ ചാനലിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്തെ ഒരു പള്ളിയില്‍ മിശ്രവിവാഹിത!ര്‍ക്ക് നല്കിയ ആശീവാദമാണ് പ്രതിഷേധത്തിന് കാരണമെന്ന് വാര്‍ത്തയില്‍ പറയുന്നു.
കത്തോലിക്കാ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുമെന്നും തങ്ങള്‍ക്ക് ഉണ്ടാകുന്ന കുട്ടികളെ ഇതേ വിശ്വാസത്തില്‍ വളര്‍ത്തുമെന്നും ഉറപ്പു നല്‍കിയാണ് ഇത്തരം വിവാഹങ്ങള്‍ പള്ളിയില്‍ വെച്ച് നടത്തുന്നത്. സഭ നല്കുന്ന ഇത്തരം ആനുകൂല്യങ്ങള്‍ സമൂഹത്തിലെ ചില ഉന്നതര്‍ക്കുവേണ്ടിയാണെന്നും ഇത് യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നുവെന്നും വിശ്വാസികള്‍ ആരോപിക്കുന്നു.
‘നമ്മുടെ ഒരു പള്ളിയില്‍ ക്രിസ്ത്യാനിയല്ലാത്ത ഒരാള്‍ വന്ന് ക്രിസ്ത്യാനിയായിട്ടുള്ള ഒരു യുവതിയെ കല്ല്യാണം കഴിക്കുമ്പോള്‍ സാധാരണക്കാരായ വിശ്വാസികള്‍ക്ക് ഉണ്ടാകുന്ന ആകുലതയും ആശങ്കയുമാണ് ചര്‍ച്ചയാകുന്നത്. അത് ന്യായമാണ്. നമ്മുടെ പള്ളിയില്‍ ക്രൈസ്തവനല്ലാത്ത ഒരാള്‍ ക്രൈസ്തവയായ ഒരു യുവതിയെ നമ്മുടെ വൈദികന് വിവാഹം ആശീര്‍വദിക്കുന്നത് എപ്രകാരമുള്ള നിയമപ്രകാരമാണ്. കാനോനിക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ സഭയില്‍ എല്ലാ കാര്യങ്ങളും നടക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് ക്രൈസ്തവനല്ലാത്ത ഒരാള്‍ പള്ളിയില്‍ വന്ന് കല്ല്യാണം കഴിക്കുന്നത്. അത് കാനോനിക നിയമത്തിന്റെ ചെറിയൊരു ആനൂകൂല്യത്തിന്റെ പിന്‍ബലത്തോടെയാണ് ആ കല്യാണം നടന്നത്. അത്തരത്തില്‍ നമ്മുടെ പള്ളികളില്‍ വെച്ച് ഇത്തരത്തില്‍ കല്യാണം നടത്തുമ്പോള്‍ സാധാരണക്കാരായ വിശ്വാസികള്‍ക്ക് ആശങ്ക ഉണ്ടാകും. അത്തരം കാര്യങ്ങള്‍ ശക്തമായ ചര്‍ച്ച ആവശ്യമാണ്. ഈ നിയമത്തിന്റെ അഴിച്ചുപണിയെപ്പറ്റി നാം ചിന്തിക്കേണ്ടതുണ്ട്.’ ക്രൈസ്തവ യുവജന നേതാവായ സിജോ അമ്പാട്ട് പറഞ്ഞു. ലൗ ജിഹാദിനെതിരെ പോരാടുന്നവരുടെ ആത്മവിശ്വാസം കെടുത്തിക്കളയുന്നതാണ് ഇത്തരം പ്രവണതകളെന്നും വാര്‍ത്തയില്‍ പറയുന്നു.
‘ഈ നിയമം പൗരസ്ത്യ, പാശ്ചാത്യ സഭകളുടെ നിയമസംഹിതയില്‍ നിന്നു നീക്കം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, സഭയുടെ അംഗീകാരത്തോടെ എന്തും ആവാം എന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയിരിക്കുന്നു, ഈ നിയമം, ഈ നിയമം റദ്ദു ചെയ്തില്ലെങ്കില്‍, ഇതിന്റെ ആനുകൂല്യം ചോദിച്ചു വന്നാല്‍ അത് നിഷേധിക്കാന്‍ വൈദിക മേലധ്യക്ഷന്മാര്‍ക്കോ, വൈദികര്‍ക്കോ സാധ്യമല്ല. വൈദികപഠന കാലത്തു തന്നെ ഇക്കാര്യം ബോധ്യം വന്നിട്ടുള്ളതാണ്, ഈ അനാവശ്യ വെള്ളപൂശല്‍ നിയമത്തിനെതിരെ തിരുസഭയിലെ യുവ അത്മായ സഹോദരീ സഹോദരന്മാര് രംഗത്തുവന്നത് അഭിനന്ദനം അര്‍ഹിക്കുന്നു ,കേരള കത്തോലിക്കാ വൈദിക മേലധ്യക്ഷന്മാര് റീത്തു ഭേദമെന്യേ ഈ നിയമം റദ്ദു ചെയ്യേണ്ടതിനാവശ്യമായ മേല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വിനീതമായിഅപേക്ഷിക്കുന്നു’ സഭാ അനുകൂല ചാനലിന്റെ യൂട്യൂബ് കമന്റായി സെബാസ്റ്റ്യന്‍ മുക്കിലക്കാട്ട് എന്നയാള്‍ പ്രതികരിച്ചു.
‘ക്രൈസ്തവ വിവാഹം മൂന്നുപേര്‍ ചേര്‍ന്നുള്ള ഉടമ്പടിയാണ് വരന് വധു ദൈവം അപ്പോള്‍ പിന്നെ എങ്ങനെയാണ് അന്യജാതിയില്‍പെട്ട ആളുമായി വിവാഹം നടത്തുന്നത് ക്രൈസ്തവ വിശ്വാസത്തിന് കടകവിരുദ്ധമാണ്. എന്തു കാനന്‍ നിയമം ആണെങ്കിലും അതു മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇത്തരം അയഞ്ഞ നിലപാടുകള്‍ സഭയ്ക്കും സമൂഹത്തിനും വലിയ ദോഷം ചെയ്യും. ഇതു നമ്മുടെ യുവതീയുവാക്കള്‍ക്ക് ഇടര്‍ച്ചക്കു കാരണമാണ് ക്രൈസ്തവ വിശ്വാസം ഇല്ലാത്ത ആരുമായും സഭ വിവാഹം നടത്താന്‍ പ്രോത്സാഹിപ്പിക്കരുത്.’ എന്നാണ് തോമസ് പിസി എന്നയാളുടെ കമന്റ്.
‘മതംമാറി വിവാഹം കഴിക്കുന്നതില്‍ അല്പം പുരോഗമന ചിന്താഗതിയുള്ള ഇന്നത്തെ കുടുംബങ്ങള്‍ക്ക് എതിര്‍പ്പുണ്ടാക്കുമെന്ന് കരുതുന്നില്ല. പക്ഷേ, വിശ്വാസികള്‍ക്ക് തുല്യമായ പരിഗണന കൊടുക്കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. അവിടെ പണത്തിനും പ്രശസ്തിയ്ക്കും മുന്‍തൂക്കം കിട്ടുന്നുവെന്ന് സമൂഹത്തിന് തോന്നലുണ്ടാകും. അത് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് താനും.’ മിശ്ര വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്ന സഭാ നടപടിയെ പിന്തുണച്ച് വാര്‍ത്താ പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഷീബ എന്നയാള്‍ പ്രതികരിച്ചു.
‘ലൗ ജിഹാദും ഈ വിവാഹവും തമ്മില്‍ വലിയ ഒരു വ്യത്യാസമുണ്ട് .ഇവിടെ വധു സ്വന്തം മതത്തില്‍ ഉറച്ചു നില്ക്കുന്നു. വരനാണ് വധുവിന്റെ മതാചാരപ്രകാരം വിവാഹം കഴിക്കാന്‍ മുമ്പോട്ടു വന്നത്.’ യോഗിദാസന്‍ എംവി പ്രതികരിച്ചു.
എറണാകുളം കടവന്ത്ര സെന്റ് ജോസഫ് പള്ളിയില്‍ നടന്ന മിശ്രവിവാഹത്തെച്ചൊല്ലിയാണ് ഇപ്പോള്‍ വിശ്വാസികള്‍ തമ്മില്‍ തര്‍ക്കിക്കുന്നത്. കാനോനിക നിയമപ്രകാരമാണ് വിവാഹം നടന്നതെന്ന് ഒരു വിഭാഗം പറയുമ്പോള്‍, നടന്നത് നിരുത്തരവാദിത്വപരമായ സമീപനം ആണെന്നാണ് മറ്റൊരു കൂട്ടര് പറയുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ യുവതിയും തലശേരി സ്വദേശിയായ മുസ്ലിം യുവാവും തമ്മിലാണ് പള്ളിയില്‍വെച്ച് വിവാഹം കഴിച്ചത്. സത്ന രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന് അനുമതി നല്കിയ ഫാ ബെന്നി മാരാംപറമ്പിലിനെതിരെ വിശ്വാസികള്‍ രൂക്ഷ പ്രതികരണമാണ് നടത്തുന്നത്. കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെയുള്ള ഭൂമി ഇടപാട് അന്വേഷിച്ച കമ്മീഷന്റെ കണ്‍വീനറാണ് അദ്ദേഹം.
വേണ്ടത്ര രേഖകള്‍ ഇല്ലാതെയാണ് വിവാഹം നടന്നത് എന്നാണ് വിശ്വാസികളുടെ ആരോപണം. ഡിസ്പാരിറ്റി ഓഫ് കള്‍ട്ടിനുള്ള കാനോനിക അനുവാദം ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷനില്‍ നിന്നോ എറണാകുളം മെട്രോപ്പോലീത്തന്‍ വികാരിയില്‍ നിന്നോ വാങ്ങിയിരുന്നില്ലെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ വൈദികന് വീഴ്ച സംഭവിച്ചുവെന്നാണ് വാദം.