തേന്‍കുറിശ്ശി: പാലക്കാട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത് ദുരഭിമാനക്കൊലയെന്ന് സംശയം. തേന്‍കുറിശ്ശി സ്വദേശി അനീഷാണ് വെള്ളിയാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന് സുരേഷ് പോലീസ് കസ്റ്റഡിയിലാണ്. ഹരിതയുടെ അച്ഛന് പ്രഭുകുമാറും സുരേഷുമാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കുന്നതായി പാലക്കാട് ഡി.വൈ.എസ്.പി. പി. ശശികുമാര്‍ പറഞ്ഞു. പ്രഭുകുമാറിനു വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്.
ദുരഭിമാനക്കൊലയാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വിശദമായി അന്വേഷിച്ചതിനു ശേഷമേ നിജസ്ഥിതി എന്തെന്ന് അറിയാനാകൂവെന്നും ഡി.വൈ.എസ്.പി. കൂട്ടിച്ചേര്‍ത്തു.
അതേസമയം ദുരഭിമാനക്കൊലയാണ് നടന്നതെന്ന് അനീഷിന്റെ പിതാവ് പറഞ്ഞു. മൂന്നുമാസം മുന്‍പാണ് അനീഷിന്റെയും ഹരിതയുടെയും വിവാഹം നടന്നത്. ജാതിവ്യത്യാസമുണ്ടെന്നും മൂന്നുമാസത്തില്‍ കൂടുതല്‍ ഒരുമിച്ച് കഴിയാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ഭീഷണി മുഴക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് കൊലപാതകം നടന്നത്. അനീഷും സഹോദരനും കൂടി ബൈക്കില്‍ പോവുകയായിരുന്നു. സമീപത്തെ കടയില്‍ സോഡ കുടിക്കാനായി ബൈക്ക് നിര്‍ത്തിയപ്പോള്‍ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു.
കഴുത്തിനു കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.