BREAKING NEWSLATESTNATIONAL

‘കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയാല്‍ അത് ലൈംഗികപീഡനമാകില്ല’: ഹൈക്കോടതി

മുംബൈ: ലൈംഗികച്ചുവയോടെ അല്ലാതെ കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് ലൈംഗിക അതിക്രമമായി കാണാന്‍ കഴിയില്ലെന്നും ബോംബെ ഹൈക്കോടതി. പുനെ ജില്ലയിലെ ബാരാമതിയില്‍ നിന്നുള്ള 27കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതി ഇങ്ങനെ പറഞ്ഞത്. പതിനേഴുകാരിയുടെ കൈ പിടിച്ച് അവളോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികച്ചുവയോടെ അല്ലാതെ കൈ പിടിച്ച് പ്രണയം പ്രകടിപ്പിക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു. അവിചാരിതമായോ ദുരുദ്ദേശമില്ലാതെയോ ഒരാള്‍ കൈയില്‍ പിടിച്ചാല്‍ അത് പോക്‌സോ വകുപ്പ് ചുമത്താവുന്ന കുറ്റമല്ലെന്ന് കോടതി വ്യക്തമാക്കി. ഡിസംബര്‍ 22ന് സിംഗിള്‍ ബഞ്ച് ജഡ്ജ് ആയ ജസ്റ്റിസ് ഭാരതി എച്ച് ദാന്‍ഗ്രെ 27കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഫയല്‍ ചെയ്ത പരാതി അനുസരിച്ച് പെണ്‍കുട്ടി വിദ്യാര്‍ത്ഥിനിയും ആരോപണ വിധേയന്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരനുമാണ്. ഒരു ദിവസം പെണ്‍കുട്ടി ട്യൂഷന്‍ ക്ലാസില്‍ പോകുന്ന സമയത്ത് യുവാവ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. പെണ്‍കുട്ടി യുവാവിനെ അവഗണിച്ചപ്പോള്‍ യുവാവ് പെണ്‍കുട്ടിയുടെ വലതുകൈയില്‍ പിടിച്ച് തന്റെ പ്രണയം പറഞ്ഞു. ഇതില്‍ ഭയന്നുപോയ പെണ്‍കുട്ടി അപ്പോള്‍ തന്നെ അവിടെനിന്ന് പോയി. പിന്നീട് സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് യുവാവ് പെണ്‍കുട്ടിയോട് പറയുകയും ചെയ്തു.
പിന്നീട് ഇയാള്‍ വിവിധ സിം കാര്‍ഡുകളില്‍ നിന്നായി പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. അവളുടെ സൗഹൃദവലയത്തില്‍ ‘അവളുടെ ഇമേജ് അപകീര്‍ത്തിപ്പെടുത്തുന്നതിനായി’ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നതായും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഏകദേശം എട്ടു മാസത്തോളം ഭീഷണി തുടര്‍ന്നതിനെ തുടര്‍ന്ന് കുട്ടി പൊലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബാരാമതി പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുക്കുകയായിരുന്നു.
അതേസമയം, തന്റെ കക്ഷി സ്‌നേഹം അറിയിച്ചതാണെന്നും ലൈംഗികമായി ഉപദ്രവിക്കാനുള്ള ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്നും യുവാവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അപ്പോഴാണ് ലൈംഗികച്ചുവയോടെ അല്ലാതെ കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് ലൈംഗിക അതിക്രമമായി കാണാന്‍ കഴിയില്ലെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചത്.

Related Articles

Back to top button