തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്ന നിലപാട് പിന്‍വലിച്ച് സിപിഎം പി.ബി.അംഗം എം.എ.ബേബി. സത്യവാങ്മൂലം കൊടുക്കുന്നു എന്ന നിലയില്‍ താന്‍ പറഞ്ഞുവെന്ന പ്രചാരണം തന്റെയോ പാര്‍ട്ടിയുടെയോ കാഴ്ചപ്പാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി ഇക്കാര്യത്തില്‍ വിധി പ്രസ്താവിക്കുമ്പോള്‍ ഇടത് സര്‍ക്കാരാണ് ഭരണത്തിലുളളതെങ്കില്‍ വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങള്‍ ഞങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യും. പാര്‍ട്ടിപരമായ നിലപാടോ കാഴ്ചപ്പാടോ ബലംപ്രയോഗിച്ച് നടപ്പാക്കുകയില്ല. സാമൂഹിക സമവായമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്കാന് തയ്യാറെന്ന് എം.എ.ബേബി വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് ബേബി നിലപാട് മാറ്റിയത്. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി ബേബിയോട് ആവശ്യപ്പെട്ടതായാണ് സൂചന.
***