കാസര്‍കോട്: എംസി കമറുദ്ദീന് ചെയര്‍മാനായ ഫാഷന്‍ഗോള്‍ഡ് ജ്വല്ലറിയില്‍ നിക്ഷേപ തട്ടിപ്പുകള്‍ക്ക് പുറമേ നികുതി വെട്ടിപ്പും. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി ശാഖകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. പിഴയും പലിശയുമടക്കം ജിഎസ്ടി വകുപ്പ് ചുമത്തിയ തുക ഇതുവരെയും അടച്ചിട്ടില്ല.
എംസി കമറുദ്ദീന് എംഎല്‍എ ചെയര്‍മാനായ കാസര്‍കോട് കമര്‍ ഫാഷന്‍ ഗോള്‍ഡ്, ചെറുവത്തൂരിലെ ന്യൂ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ശാഖകളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തിയത്. 2019 ജൂലൈക്ക് ശേഷം നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. ആസ്തി സംബന്ധിച്ച കണക്ക് പ്രകാരം കാസര്‍കോട് ജ്വല്ലറി ശാഖയില്‍ വേണ്ട 46 കിലോ സ്വര്‍ണവും ചെറുവത്തൂരിലെ ജ്വല്ലറിയില്‍ ഉണ്ടാകേണ്ട 34 കിലോ സ്വര്‍ണവും കാണാനില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
നിക്ഷേപകര്‍ പിന്‍വലിച്ചു എന്നാണ് ജ്വല്ലറി അധികൃതര്‍ നല്കിയ വിശദീകരണം. എന്നാല്‍ ഇത് സംബന്ധിച്ച് രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇത്തരം ഇടപാടുകള്‍ നിയമവിരുദ്ധമാണെന്നും നികുതി വെട്ടിപ്പാണെന്നും കണ്ടെത്തിയ ജിഎസ്ടി വകുപ്പ് നികുതിയും പിഴയും പലിശയുമടക്കം 2020 ഓഗ്സ്റ്റ് 30 നകം അടക്കേണ്ട തുക വ്യക്തമാക്കി നോട്ടീസ് നല്കി. കാസര്‍കോട്ടെ ജ്വല്ലറി 8482744 രൂപയും ചെറുവത്തൂരിലെ ജ്വല്ലറി 543087 രൂപയുമാണ് അടക്കേണ്ടിയിരുന്നത്.
എന്നാല്‍ ഈ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് നികുതിയുടെ അന്‍പത് ശതമാനം കൂടി കൂട്ടിചേര്‍ത്ത് തുക പുതുക്കി നിശ്ചയിച്ച് നല്കാന് ഒരുങ്ങുകയാണ് അധികൃ!തര്. അതേസമയം ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് തുടങ്ങി. പരാതിക്കാരായ അഞ്ച് പേരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ഇന്ന് കൂടുതല്‍ നിക്ഷേപകരുടെ മൊഴിയെടുക്കും. അതിനിടെ നിക്ഷേപമായി വാങ്ങിയ 28 പവന് സ്വര്‍ണം തട്ടിയെന്ന വലിയപറമ്പ് സ്വദേശിയുടെ പരാതിയില്‍ എംഎല്‍എക്കെതിരെ ഒരു വഞ്ചന കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ എം എല്‍ എ ക്കെതിരെ 54 വഞ്ചന കേസുകളായി.