കാസര്‍കോട്: എംസി കമറുദ്ദീന് എംഎല്‍എ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളില്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും അതിന് ശേഷം എംഎല്‍എയെ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് എസ്പി കെകെ മൊയ്തീന് കുട്ടി. കേസില്‍ മറ്റ് സമ്മര്‍ദ്ദങ്ങളൊന്നുമില്ലെന്നും അറസ്റ്റ് വൈകുന്നത് കൊണ്ട് തെളിവുകള്‍ നശിപ്പിക്കപ്പെടുന്ന സാഹചര്യം നിലവിലില്ലെന്നും എസ്പി പറഞ്ഞു. അതേസമയം നിക്ഷേപകരുടെ പരാതിയില്‍ എംസി കമറുദ്ദീനെതിരെ രണ്ട് വഞ്ചന കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
അന്‍പതിലേറെ വഞ്ചന കേസുകളില്‍ പ്രതിയായ എംസി കമറുദ്ദീന് എംഎല്‍എയെ അറസ്റ്റ് ചെയ്യാതെ പൊലീസും സര്‍ക്കാരും സ്വൈര്യവിഹാരം നടത്താന്‍ അനുവദിക്കുകയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു ക്രൈംബ്രാഞ്ച് എസ്പിയുടെ പ്രതികരണം.
13 കേസുകളാണ് ക്രൈംബ്രാഞ്ച് നിലവില്‍ അന്വേഷിക്കുന്നത്. മറ്റ് കേസുകള്‍ കൂടി ലോക്കല്‍ പൊലീസ് കൈമാറുന്ന മുറക്ക് അന്വേഷണ സംഘം വിപുലീകരിക്കാനാണ് നീക്കം. കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്ന് കേസുകളുടെ പുരോഗതി വിലിയിരുത്തി.
അതേസമയം നിക്ഷേപമായി നല്കിയ 20 ലക്ഷം തട്ടിയെന്ന ബദിയടുക്ക സ്വദേശിയുടെ പരാതിയിലും 44 ലക്ഷം തട്ടിയെന്ന ബോവിക്കാനം സ്വദേശിയുടെ പരാതിയിലും എംഎല്‍എക്കെതിരെ കാസര്‍കോട് പൊലീസ് രണ്ട് വഞ്ചന കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ എംസി കമറുദ്ദീന് പ്രതിയായ വഞ്ചന കേസുകളുടെ എണ്ണം 56 ആയി.