കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ മൂന്നു കേന്ദ്ര ഏജന്‍സികളുടെയും അന്വേഷണം മൂന്നു വഴിയില്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ് കള്ളക്കടത്തിന്റെ സൂത്രധാരനെന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്തുവന്നതോടെ, മറ്റു രണ്ട് അന്വേഷണ ഏജന്‍സികളും വിഷമഘട്ടത്തിലായി. മാസങ്ങള്‍ പിന്നിട്ടിട്ടും ദേശീയ അന്വേഷണ ഏജന്‍സിയുടെയും കസ്റ്റംസിന്റെയും അന്വേഷണത്തില്‍ ഇത്തരമൊരു സൂചന പോലും ലഭ്യമായിട്ടില്ല.
കള്ളക്കടത്തിന്റെ സൂത്രധാരനെന്ന് ഇഡി പറയുന്ന എം ശിവശങ്കര്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ പ്രതിയല്ല. 35 പേരെയാണ് സ്വര്‍ണക്കള്ളക്കടത്തു കേസില്‍ എന്‍ഐഎ പ്രതി ചേര്‍ത്തിട്ടുള്ളത്. യുഇഎ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ഫരീദ് ആണ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ എന്ന് എന്‍ഐഎ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ശിവശങ്കറിനെ ഇതുവരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്താനായിട്ടില്ലെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. യുഎപിഎ ചുമത്തിയ ഭീകരവാദ കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. അതില്‍ ശിവശങ്കറിനെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. തെളിവില്ലാതെ ഭീകരവാദ കേസില്‍ ഒരാളെ പ്രതി ചേര്‍ക്കാനാവില്ലെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു. അന്വേഷണം തുടരുകയാണെന്നും, ഇഡി കോടതിയില്‍ ഉന്നയിച്ച വാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.