തിരുവനന്തപുരം: കേന്ദ്ര അന്വേഷണഏജന്സികള്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കേന്ദ്രകമ്മറ്റിയഗം എംവി ഗോവിന്ദന്. ബദല്‍ സര്‍ക്കാര്‍ ആകാനുള്ള ശ്രമമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക് ട്രേറ്റ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കട്ടെ എന്ന് തന്നെയാണ് നിലപാട്. പക്ഷേ ഓരോ ദിവസവും ഓരോ വാര്‍ത്തയാണ് സര്‍ക്കാരിനെതിരെ ഉണ്ടാക്കുന്നത്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് സിബിഐ ശ്രമിക്കുന്നത്. മാറാട് കേസ് സിബിഐ ഏറ്റെടുത്തിട്ട് എന്തായെന്നും അദ്ദേഹം ചോദിച്ചു.
ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു എന്നതിന് എന്തെങ്കിലും തെളിവുണ്ടോ? തെളിവുണ്ടാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘങ്ങളെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്രചാര വേല നടത്തി ഇടത് സര്‍ക്കാരിനെ ക്രൂശിക്കാന്‍ ഭൂരിപക്ഷം മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് എതിരായ സിപിഎമ്മിന്റെ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉള്ളിലെ സ്ത്രീ വിരുദ്ധ നിലപാടാണ് വിവാദ പരാമര്‍ശത്തിലൂടെ പുറത്ത് വന്നതെന്നും എം വി ഗോവിന്ദന് വിമര്‍ശിച്ചു. മുല്ലപ്പള്ളിയുടേത് അബദ്ധത്തില്‍ ഉള്ള പരാമര്‍ശം അല്ല. എത്ര തവണയാണ് മാപ്പ് പറയുക? മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.