GULFNRI

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം; വിവാദത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് എം എ യൂസഫലി

ദുബായ്: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും ഈ വിഷയവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന്റേതാണ്. ഇതിനെതിരേയുള്ള കേരളസര്‍ക്കാരിന്റെ നിലപാടുമായും തനിക്ക് ബന്ധമൊന്നുമില്ല. വിമാനത്താവളം നടത്തിപ്പുചുമതല കിട്ടാന്‍ അപേക്ഷിച്ചിട്ടുമില്ല. ഇതുസംബന്ധിച്ച് നടക്കുന്ന കേന്ദ്ര-കേരള തര്‍ക്കത്തിലേക്ക് എന്നിട്ടും തന്റെ പേര് വലിച്ചിഴക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് സൂംവഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യൂസഫലി പറഞ്ഞു.

വിമാനത്താവള വികസനത്തിനും നവീകരണത്തിനും സ്വകാര്യപങ്കാളിത്തം ആവശ്യമാണെന്ന് ഇന്ത്യയിലെ മറ്റ് പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ തിരിച്ചറിയുന്നുണ്ട്. തിരുവനന്തപുരവും ആ രീതിയില്‍ വളരണമെന്നാണ് ആഗ്രഹം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഉടമകളായ സിയാലില്‍ താന്‍ ഉള്‍പ്പെടെ 19,600 ഓഹരി ഉടമകളുണ്ട്.

കണ്ണൂരില്‍ എണ്ണായിരത്തിലേറെയാണ് ഓഹരി ഉടമകള്‍. അവിടെ ഇപ്പോഴും ഓഹരികള്‍ ആര്‍ക്കുവേണമെങ്കിലും വാങ്ങാനുമാവും. എന്നിട്ടും തന്നെമാത്രം ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്ന് യൂസഫലി പറഞ്ഞു. ഇപ്പോള്‍ തിരുവനന്തപുരത്ത് കേന്ദ്രം തീരുമാനമെടുത്തുകഴിഞ്ഞു. അതിനെ അനുകൂലിക്കുന്നു. മറിച്ചൊരു തീരുമാനം വന്നാല്‍ അപ്പോള്‍ അഭിപ്രായം പറയാമെന്നും ചോദ്യത്തിന് മറുപടിയായി യൂസഫലി പറഞ്ഞു.

Related Articles

Back to top button