കൊവിഡ് വ്യാപനം മൂലം തീയേറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിനിമകളുടെ ഡിജിറ്റല്‍ റിലീസുകള്‍ കൂടി വരികയാണ്. ഇന്ത്യയില്‍ തന്നെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ നിരവധി സിനിമകളാണ് അടുത്തിടെ വിവിധ ഒടിടി പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്യുകയുണ്ടായത്. ആ പാതയിലേക്കാണ് അനുഷ്ക ഷെട്ടിയും ആര്. മാധവനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ബഹുഭാഷാ ചിത്രം ‘നിശബ്ദം’ എത്തുന്നത്.
ഹേമന്ദ് മധുര്‍കര്‍ സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് ആറിനാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഒരേ സമയം തെലുഗുവിലും ഹിന്ദിയിലും ‘നിശബ്ദം’ എന്ന പേരിലെത്തുന്ന ചിത്രം ‘സൈലന്‍സ്’ എന്ന പേരില്‍ മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും.
ശാലിനി പാണ്ഡേ, അഞ്ജലി, ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സാക്ഷിയെന്ന ഊമയായ കലാകാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ അനുഷ്ക ഷെട്ടി അഭിനയിച്ചിരിക്കുന്നത്. ആന്റണി എന്ന സംഗീതജ്ഞന്റെ വേഷത്തിലാണ് മാധവനെത്തുന്നത്. ചിത്രം ഒടിടി റിലീസ് ചെയ്യുന്നതിനെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാന്‍ നിര്‍മാതാവ് കോന വെങ്കട്ട് ട്വിറ്ററില്‍ അടുത്തിടെ ഒരു വേട്ടെടുപ്പ് നടത്തിയിരുന്നു.
പതിനൊന്നായിരത്തോളം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇതില്‍ 70 ശതമാനം പേരും ഒടിടി റിലീസിനെ പിന്തുണച്ചപ്പോള്‍ 14.1 ശതമാനം പേര് തിയേറ്റര്‍ റിലീസ് വേണമെന്ന് അഭിപ്രായപ്പെട്ടു. 15.3 ശതമാനം പേര് എങ്ങനെയായാലും കുഴപ്പമില്ലെന്ന അഭിപ്രായത്തിലായിരുന്നു. അടുത്തിടെ നാനി, സുധീര്‍ ബാബു എന്നിവര്‍ നായകന്മാരായി അഭിനയിച്ച ‘വി’ എന്ന ചിത്രവും ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു.