ഗാന്ധിനഗര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി(94) അന്തരിച്ചു. ഗാന്ധിനഗറിലെ വസതിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും മാധവ് സിങ് സോളങ്കി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഗുജറാത്തിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവും മൂന്ന് തവണ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കിയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഖാം(KHAM) ഫോര്‍മുല നടപ്പാക്കിയത്. സാമുദായിക വോട്ടുകള്‍ അനുകൂലമാക്കുന്നതിന് സൃഷ്ടിച്ചെടുത്ത ഖാം ഫോര്‍മുല കോണ്‍ഗ്രസിന് അധികാരം നേടാന്‍ സഹായിച്ച സമവാക്യമായിരുന്നു. സാമൂഹികസാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സംവരണം ആദ്യമായി നടപ്പാക്കിയതും സോളങ്കിയാണ്.
നരസിംഹറാവു മന്ത്രിസഭയില്‍ കുറച്ചുകാലം മാധവ് സിങ് സോളങ്കി വിദേശകാര്യമന്ത്രിയായിരുന്നു ബോഫോഴ്സ് ആരോപണം കത്തി നില്ക്കുന്ന കാലത്ത് സ്വീഡിഷ് സര്‍ക്കാരിനോട് അന്വേഷണം നിര്‍ത്തിവെക്കാന്‍ സോളങ്കി ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു.
ഗുജറാത്തില്‍ സാമുദായികമായി ശക്തരായ പട്ടേല്‍ വിഭാഗത്തെ കോണ്‍ഗ്രസില്‍ നിന്നകറ്റിയത് സോളങ്കിയുടെ ഖാം പരീക്ഷണമായിരുന്നു. 1985 ല്‍ നടന്ന സംവരണവിരുദ്ധസമരത്തെ തുടര്‍ന്ന് സോളങ്കി മുഖ്യമന്ത്രി പദവിയില്‍ നിന്ന് രാജിവെച്ചിരുന്നു. എന്നാല്‍ പിന്നീട് 182 ല്‍ 149 നിയമസഭാ സീറ്റുകള്‍ നേടി അദ്ദേഹം അധികാരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
പതിറ്റാണ്ടുകളോളം ഗുജറാത്ത് രാഷ്ട്രീയത്തില്‍ സുപ്രധാന കേന്ദ്രമായി വര്‍ത്തിച്ച മാധവ് സിങ് സോളങ്കി പ്രബലനായ നേതാവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. വായനയില്‍ ഏറെ തത്പരനായിരുന്ന സോളങ്കിയുമായുള്ള കൂടിക്കാഴ്ചകളില്‍ പ്രധാനമായും പുസ്തകങ്ങളെ കുറിച്ചുള്ള ചര്ച്ചകളായിരുന്നുവെന്നും മോദി ട്വീറ്റില്‍ അനുസ്മരിച്ചു.